thrissur local

കോടികള്‍ ചെലവഴിക്കുന്ന പല പദ്ധതികളും അഴിമതിക്കു മാത്രമായി മാറുന്നെന്ന്

തൃശൂര്‍: ജല സംരക്ഷണത്തിനും വിതരണത്തിനുമായി സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുമ്പോള്‍ പല പദ്ധതികളും അഴിമതിക്ക് മാത്രമായി മാറുന്നതായി ആരോപണം. ജലസംരക്ഷണത്തിനായി ജില്ലയില്‍ നടപ്പിലാക്കിയ പ്രധാന പദ്ധതികളില്‍ രണ്ടെണ്ണമാണ് കടങ്ങോട് മല്ലന്‍കുഴി നീര്‍ത്തട പദ്ധതിയും ചിറ്റണ്ട ചെറുചക്കി ചോല ചെക്ക് ഡാം നിര്‍മ്മാണവും.
വന്‍തോതിലുള്ള അഴിമതി നടത്തിയതല്ലാതെ പദ്ധതികൊണ്ട് ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. ജല, നീര്‍ത്തട സംരക്ഷണത്തിനായി 2005ല്‍ നബാര്‍ഡിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയ പദ്ധതിയാണ് മല്ലന്‍കുഴി നീര്‍ത്തട സംരക്ഷണം.
മല്ലന്‍കുഴി ചോലയില്‍ മിനി ചെക്ക് ഡാം നിര്‍മ്മാണം, കാര്‍ഷിക ജലസേചനത്തിനായി ചോലയോട് ബന്ധപ്പെട്ടുള്ള കുളങ്ങളുടേയും തോടുകളുടേയും സംരക്ഷണം, മഴക്കുഴി നിര്‍മ്മാണം എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരുന്നത്. ഒരു കോടി രൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിന് വകയിരുത്തിയിരുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതയും അഴിമതിയും കൊണ്ട് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഉപകാരപ്പെട്ടില്ല.
ചെക്ക്ഡാമിന് വിള്ളലും ചോര്‍ച്ചയും ഉള്ളതിനാല്‍ വേനലില്‍ ഒരു തുള്ളിവെള്ളം പോലും തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്നില്ല. തോടുകളുടേയും കുളങ്ങളുടേയും കരിങ്കല്‍ കെട്ടിയ വശങ്ങള്‍ തകര്‍ന്ന് വീണു. മഴക്കുഴികളുടെ നിര്‍മ്മാണം നടത്തുന്നുവെന്ന വ്യാജേന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളില്‍ റബര്‍തൈ നടാനുള്ള കുഴികളെടുക്കുകയാണുണ്ടായത്. എരുമപ്പെട്ടി ചിറ്റണ്ട പൂങ്ങോട് കണ്ടംചിറ വനത്തിലെ ചെറുചക്കി ചോലയിലെ തടയണയുടെ സ്ഥിതിയും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല.
ഉള്‍വനങ്ങളില്‍ നിന്ന് ഉല്‍ഭവിക്കുന്ന ചെറുനീരുറവകള്‍ കെട്ടിനിര്‍ത്തി വേനലില്‍ വന്യജീവികള്‍ക്ക് ദാഹമകറ്റാനും പ്രാദേശിക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായാണ് ചെറുചക്കി ചോലയില്‍ കോണ്‍ക്രീറ്റ് തടയണ നിര്‍മ്മിച്ചത്. ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മാണം നടത്തിയ തടയണ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ചോര്‍ച്ചയും വിള്ളലും അനുഭവപ്പെട്ടുതുടങ്ങി.
അതിനാല്‍ തന്നെ കാലവര്‍ഷത്തില്‍ നിറഞ്ഞ് നിന്ന ജലാശയം വേനല്‍ കനക്കുന്നതോടെ വറ്റിവരളുകയാണ്. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഈ രണ്ട് പദ്ധതികളിലും വന്‍ അഴിമതി നടന്നു. ഇത്തരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെയും ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതേയും നിരവധി ജലസംരക്ഷണ വിതരണ പദ്ധതികളാണ് ജില്ലയില്‍ നോക്കുകുത്തികളായി കിടക്കുന്നത
Next Story

RELATED STORIES

Share it