Flash News

കോടികളുടെ ഹെറോയിന്‍ പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍



മാനന്തവാടി: വന്‍ മയക്കുമരുന്നു വേട്ടയ്ക്കിടെ ഉത്തര്‍പ്രദേശ് സ്വദേശിയടക്കം അഞ്ചുപേര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് മഥുര സ്വദേശി അജയ് സിങ് (42), പയ്യന്നൂര്‍ പീടികത്താഴ മധുസൂദനന്‍ (56), കാഞ്ഞങ്ങാട് ബേക്കല്‍ കുന്നുമ്മല്‍ വീട്ടില്‍ അശോകന്‍ (45), കാസര്‍കോട് ചീമേനി കനിയന്‍തോല്‍ ബാലകൃഷ്ണന്‍ (47), കണ്ണൂര്‍ ചെറുപുഴ ഉപരിക്കല്‍ വീട്ടില്‍ ഷൈജു (37) എന്നിവരാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര വിപണിയില്‍ രണ്ടു കോടിയോളം വിലമതിക്കുന്ന ഹെറോയിനാണ് സംഘത്തില്‍ നിന്നു പിടിച്ചെടുത്തതെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് വന്‍ ലഹരിമരുന്ന് ഇടപാടു നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംഘം തന്ത്രപരമായി പ്രതികളെ കെണിയിലാക്കുകയായിരുന്നു. ഉത്തര്‍പ്രദേശുകാരനായ അജയ്‌സിങ് ബരഗ്പൂരില്‍ നിന്നു സംഘടിപ്പിച്ചതാണു ഹെറോയിന്‍. മറ്റു പ്രതികളുടെ സഹായത്തോടെ ലഹരിമരുന്നു വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. അശോകന്റെ സുഹൃത്തുക്കളായ റഫീഖ്, ബിജുലാല്‍ എന്നിവര്‍ക്കു ഹെറോയിന്‍ ആവശ്യമുണ്ടെന്നു മനസ്സിലാക്കിയ സംഘം മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ചു വില്‍ക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. എന്നാല്‍, റഫീഖും ബിജുലാലും എത്തുന്നതിനു മുമ്പായി പോലിസ് ഇവരെ പിടികൂടി. പ്രതികള്‍ ഉപയോഗിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it