ernakulam local

കോടികളുടെ സ്ഥിര നിക്ഷേപം; ദ്വീപുകളുടെ വികസനം അകലെ

കൊച്ചി: തീരപ്രദേശത്തെ വിവിധ ദ്വീപുകളടക്കമുള്ള പ്രദേശങ്ങളുടെ വികസന പ്രവര്‍ത്തനം ലക്ഷ്യമിട്ട് രൂപീകരിച്ച ഗോശ്രീ ദ്വീപ് വികസന സമിതി അതോരിറ്റി (ജിഡ) യോഗം ചേര്‍ന്നിട്ട്് രണ്ടു വര്‍ഷം. അവസാനമായി കണക്കുകള്‍ ഓഡിറ്റ് ചെയ്തത്് 2014-15 വരെ മാത്രമെന്നും വിവരാവകാശ നിയമ പ്രകാരം അധികൃതര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
ഫോര്‍ട്ട് വൈപ്പിന്‍, ഗുഡ്ഡു ദ്വീപ്, താന്തോന്നിതുരുത്ത്, കുഴുപ്പിള്ളി, പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി എന്നീ പ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ട് 1994 മെയ് 18 നാണ്
ജിഡ രൂപീകരിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി നാളിതുവരെയായിട്ടും ജിഡ പുനസംഘടിപ്പിച്ചിട്ടില്ല. ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് ആക്ട് 2016 ചാപ്റ്റര്‍ ഒമ്പത്് പ്രകാരമാണ് അംഗങ്ങളുടെ കാലാവധി നിശ്ചയിക്കുന്നത്.
സര്‍ക്കാരാണ് അംഗങ്ങളെ പുനസംഘടിപ്പിക്കുന്നതെന്നും സമിതിയില്‍ ആകെ 16 ജീവനക്കാരാണുള്ളതെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് ജിഡ അധികൃതര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
2017 ഡിസംബര്‍ 31 വരെ 287,61,97,196.91 രൂപ ജിഡയ്ക്ക് സ്ഥിര നിക്ഷേപമുണ്ട്. കൗണ്‍സില്‍ അംഗങ്ങള്‍ക്കും ചെയര്‍മാന്‍/പ്രസിഡന്റ് എന്നിവര്‍ക്ക്് പ്രതിമാസം ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ നല്‍കാറില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 2017 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ രണ്ടു കോടി മൂന്നു ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും ഗ്രാന്റായി ലഭിച്ചിട്ടുണ്ട്. ജില്ലാ കലക്ടറാണ് ജിഡയുടെ സെക്രട്ടറി.
സെക്രട്ടറിയുടെ പേരിലാണ് ഫണ്ട് നിക്ഷേപം. സര്‍ക്കാരിന്റെയും ജനറല്‍ കൗണ്‍സിലിന്റെയും  അംഗീകാരത്തോടെയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ജിഡ ഫണ്ട് ചെലവഴിക്കുന്നത്. ജിഡ ആസ്ഥാന മന്ദിരത്തിന് 6.052 കോടി ചെലവായി. ജീവനക്കാരുടെ ശമ്പളത്തിനു മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 94-95 മുതല്‍-2014-15 വരെ 3,96,66,334 രൂപ ചെലവഴിച്ചിട്ടുണ്ട്.
ജിഡയുടെ വരവ് ചെലവ് കണക്കുകള്‍ 2014-15 വരെ മാത്രമെ ഓഡിറ്റ് ചെയ്തിട്ടുള്ളൂവെന്നും വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. അവസാനമായി ജിഡയുടെ യോഗം ചേര്‍ന്നത് 2016 ജനുവരി 11 നാണ്.
എന്നാല്‍ ചെലവാക്കിയ കണക്കുകളുടെ വിവരം നല്‍കാന്‍ അധികൃതര്‍ തയാറായില്ല. ഓഫിസിലെത്തി രേഖകള്‍ പരിശോധിച്ച് ചെലവാക്കിയ കണക്കുകള്‍ മനസിലാക്കി കൊള്ളാനാണ് മറുപടി നല്‍കിയിരിക്കുന്നത്. ഇതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് രാജു വാഴക്കാല പറഞ്ഞു.
Next Story

RELATED STORIES

Share it