Flash News

കോടതി പരിഗണനയിലുള്ള മൊഴി ചോര്‍ത്തിയത് പോലിസ്

കോടതി പരിഗണനയിലുള്ള മൊഴി ചോര്‍ത്തിയത് പോലിസ്
X


സ്വന്തം പ്രതിനിധി

കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴിയെന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെടുന്നു. മറ്റൊരു കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ളയാള്‍ പോലിസ് കസ്റ്റഡിയിലിരിക്കെ നല്‍കിയെന്ന് പറയപ്പെടുന്ന മൊഴി, ഫസല്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി സമര്‍പ്പിച്ചയാള്‍ക്ക് നല്‍കാന്‍ അധികാരമില്ലെന്നാണു നിയമവിദഗ്ധരുടെ നിരീക്ഷണം. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും കാരായിമാര്‍ക്ക് പങ്കില്ലെന്നും ചൂണ്ടിക്കാട്ടി ഫസലിന്റെ അര്‍ധസഹോദരന്‍ അബ്ദുല്‍ സത്താര്‍ നല്‍കിയ പുനരന്വേഷണ ഹരജിയുടെ വാദത്തിനിടെയാണ് സുബീഷിന്റെ മൊഴിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് വിവാദ വീഡിയോയെന്നാണു വിവരം. എന്നാല്‍, വെള്ളിയാഴ്ച സിബിഐ കോടതിയില്‍ പോലിസ് ഹാജരാക്കിയ മൊഴി ഫസലിന്റെ സഹോദരന് എങ്ങനെ ലഭിച്ചെന്നതാണു സംശയവും ദൂരൂഹതയും ജനിപ്പിക്കുന്നത്. സിപിഎം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങളായ കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദനും തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമുമാണ് നേരത്തേ സുബീഷില്‍നിന്ന് മൊഴിയെടുത്തിരുന്നത്. കൂത്തുപറമ്പ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ഇങ്ങനെയുള്ള ഒരു കേസിലെ പ്രതി പോലിസ് കസ്റ്റഡിയിലിരിക്കെ നല്‍കിയെന്നു പറയപ്പെടുന്ന മൊഴി, ആ കേസുമായി ബന്ധമില്ലാത്ത കക്ഷിക്ക് നല്‍കാന്‍ വിവരാവകാശ നിയമപ്രകാരം പോലും അധികാരമില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. പോലിസിന്റെ ക്രൂരമര്‍ദനം കാരണമാണ് ഇത്തരത്തിലൊരു മൊഴി നല്‍കിയതെന്ന് സുബീഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതോടെ സിപിഎം നേതൃത്വം കൂടുതല്‍ വെട്ടിലായി. പോലിസ് മര്‍ദനം സംബന്ധിച്ച് സുബീഷ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, പോലിസ് കംപ്ലയിന്റ് അതോറിറ്റി, കൂത്തുപറമ്പ്, മട്ടന്നൂര്‍ കോടതികള്‍ മുമ്പാകെ നല്‍കിയ പരാതികളില്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പോലിസ് കസ്റ്റഡിയിലെ ദൃശ്യങ്ങള്‍ മാത്രമല്ല, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലും സിപിഎം നേതൃത്വം മുഖേന ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയത് പോലിസ് ഉദ്യോഗസ്ഥരിലേക്കാണു വിരല്‍ ചൂണ്ടുന്നത്. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച ഫസല്‍ വധക്കേസ് അട്ടിമറിക്കുകയും അതുവഴി സിപിഎം നേതാക്കളെ രക്ഷപ്പെടുത്തുകയും ചെയ്യാനായി ഭരണത്തണലില്‍ ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണെന്ന ആരോപണം ശക്തമാണ്. 2016 നവംബറില്‍ തന്നെ സുബീഷിന്റെ വെളിപ്പെടുത്തലെന്ന പേരില്‍ സ്വകാര്യ ചാനല്‍ ഓഡിയോ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ വാര്‍ത്തയ്ക്കു വിശ്വാസ്യത ലഭിക്കാനെന്ന പേരില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കൂടാതെ, ഒരു  വാര്‍ത്താ വെബ്‌പോര്‍ട്ടലും ഇതുസംബന്ധിച്ച്  വാര്‍ത്ത നല്‍കി. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് ഫസല്‍ വധത്തിനു പിന്നിലെന്ന് ആവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ യുഎപിഎ ഉപയോഗിച്ച് പോപുലര്‍ ഫ്രണ്ട് നേതാക്കളെ വേട്ടയാടുമെന്നും സുബീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ച് പോലുലര്‍ ഫ്രണ്ട്  ദേശീയ നേതാവ് ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്ത. ഇതിന്റെ ദൃശ്യങ്ങളെന്ന പേരില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലായിരുന്നു. എന്നാല്‍, വാര്‍ത്തയില്‍ പറയുന്ന തമിഴ്‌നാട് സ്വദേശി ഖാജാ മുഹ്‌യുദ്ദീന്‍ എന്നൊരാള്‍ പോപുലര്‍ ഫ്രണ്ട് നേതൃത്വത്തില്‍ ഇല്ലെന്നും ജയിലിലെ സന്ദര്‍ശക ഡയറിയിലോ അപേക്ഷയിലോ സുബീഷുമായി ഏതെങ്കിലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസാരിച്ചതിനു തെളിവില്ലെന്നും കണ്ടെത്തുകയുണ്ടായി. ഇത്തരത്തില്‍, കുറ്റസമ്മത മൊഴിയെന്ന പേരില്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന വീഡിയോ-ഓഡിയോ സംഭാഷണങ്ങളുടെ നിയമസാധുത കോടതിയില്‍ സിബിഐ ചോദ്യം ചെയ്യുമെന്നുറപ്പാണ്. സുബീഷ് പോലിസില്‍ നല്‍കിയ മൊഴി വിശ്വാസയോഗ്യമല്ലെന്നും  ഇതിനകം സിബിഐ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it