Flash News

കോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം; പിന്തുണച്ച് ചീഫ്ജസ്റ്റിസും എജിയും

ന്യൂഡല്‍ഹി: കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനോട് സുപ്രിംകോടതിക്കും കേന്ദ്ര സര്‍ക്കാരിനും യോജിപ്പ്. കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നടപടികളുടെ തല്‍സമയ സംപ്രേഷണത്തിനായുള്ള വിശദമായ മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ കോടതി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് ആവശ്യപ്പെട്ടു.
ബലാല്‍സംഗ കേസുകള്‍, കുടുംബതര്‍ക്ക കേസുകള്‍, ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ ഒഴികെയുള്ള കേസുകളുടെ കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ക്കു പുറമേ, രഹസ്യസ്വഭാവമുള്ള കേസുകളിലേത് ഒഴികെ മറ്റെല്ലാ കോടതി നടപടികളും തല്‍സമയ സംപ്രേഷണം ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ദേശീയ പ്രാധാന്യമുള്ള കേസുകളുടെ കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങും നിയമ വിദ്യാര്‍ഥിയായ സ്വപ്‌നില്‍ ത്രിപാഠിയും നല്‍കിയ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
കോടതി നടപടികള്‍ സംപ്രേഷണം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
കേസ് നല്‍കിയവര്‍ക്കും പൊതുജനങ്ങള്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും വിവരങ്ങള്‍ കൃത്യമായി അറിയാന്‍ ഇത് സഹായകമാവുമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
തുടര്‍ന്ന്, പദ്ധതി നടപ്പാക്കാനുള്ള ചെലവ്, സാങ്കേതികവിദ്യ, സംപ്രേഷണത്തിന് ഏര്‍പ്പെടുേത്തണ്ട നിയന്ത്രണങ്ങള്‍ എന്നിവ അടങ്ങിയ മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ കോടതി അറ്റോര്‍ണി ജനറലിനു നിര്‍ദേശം നല്‍കി. ഈ മാസം 23ന് അറ്റോര്‍ണി ജനറല്‍ സമര്‍പ്പിക്കുന്ന മാര്‍ഗരേഖ പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ കോടതി തുടര്‍നടപടികള്‍ എടുക്കുക.
Next Story

RELATED STORIES

Share it