കോടതി ഉത്തരവു പ്രകാരം പ്രവര്‍ത്തിക്കും: മന്ത്രി ജയരാജന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്നു വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കോടതി വിധിയുടെ വിശദാംശങ്ങള്‍ താന്‍ മനസ്സിലാക്കിയിട്ടില്ല. കോടതിവിധി അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നതിനാല്‍ വിധി പരിശോധിച്ച് തുടര്‍നടപടികളുണ്ടാവുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സത്യം തെളിഞ്ഞതായി ബാറുടമ ബിജു രമേശ് അഭിപ്രായപ്പെട്ടു.
ജനവിശ്വാസം കൂട്ടുന്ന വിധിയാണ് വിജിലന്‍സ് കോടതിയുടെത്. ഇത്രയധികം സ്വാധീനം ഉണ്ടായിട്ടും മാണിക്കെതിരായ വിജിലന്‍സ് റിപോര്‍ട്ട് തള്ളിയതിനെ സ്വാഗതം ചെയ്യുന്നു. ഇതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ട്. പ്രോസിക്യൂട്ടര്‍ വാദിച്ചത് കെ എം മാണിക്കു വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. വിവാദമായ ബാര്‍ക്കോഴ കേസില്‍ വസ്തുതയുണ്ടെന്നു തെളിഞ്ഞതായും കേസിനെതിരേ തുടക്കം മുതല്‍ എല്‍ഡിഎഫ് സ്വീകരിച്ചിരുന്ന നിലപാട് ശരിയായിരുന്നുവെന്നു വ്യക്തമായതായും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം കോടതി അന്തിമമായി പറഞ്ഞങ്കിലേ ഒരാള്‍ കുറ്റക്കാരനാവുന്നുള്ളൂവെന്നും കോടതി ഉത്തരവ് അനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വിധിയെ സ്വാഗതം ചെയ്തു മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ പി സതീശന്‍. കേസില്‍ തുടരന്വേഷണം വേണ്ട. നിലവിലെ തെളിവുകള്‍ തന്നെ മതി കേസ് തെളിയിക്കാനെന്ന് അഡ്വ. കെ പി സതീശന്‍ പറഞ്ഞു. പുനരന്വേഷണം ഇല്ലാതെ കിട്ടിയ തെളിവുകള്‍ കൊണ്ടു തന്നെ ശിക്ഷിക്കാനാവുമെന്നും കെ പി സതീശന്‍ പറഞ്ഞു. ബാര്‍ കോഴക്കേസിന്റെ ചുമതലയില്‍ നിന്നു തന്നെ മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാവാമെന്ന് കെ പി സതീശന്‍ പറഞ്ഞു. എന്നാല്‍ അത് എന്തിനായിരുന്നുവെന്നു തനിക്കു മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ കോടതി വിധി കെ എം മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായാണു കാണുന്നതെന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. കെ എം മാണി യുഡിഎഫിന്റെ അവിഭാജ്യഘടകവും തങ്ങളുടെ സഹപ്രവര്‍ത്തകനുമാണെന്നതിനാല്‍ ഇതിന്റെ പേരില്‍ യുഡിഎഫ് മാണിയെ തള്ളിപ്പറയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.



Next Story

RELATED STORIES

Share it