കോടതി ഉത്തരവുകള്‍ പ്രചാരണായുധമാവുന്നത്ശ്രദ്ധിക്കണം: ജ. ജെ ബി കോശി

തിരുവനന്തപുരം: കോടതി ഉത്തരവുകള്‍ രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന കാര്യം ന്യായാധിപന്‍മാര്‍തന്നെ തീരുമാനിക്കട്ടെയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. കോടതിയിലും അല്ലാതെയും പ്രസ്താവനകള്‍ നടത്തുമ്പോള്‍ എങ്ങനെയൊക്കെ സംയമനം പാലിക്കണമെന്ന കാര്യം ഉന്നത നീതിപീഠത്തിലെ ന്യായാധിപന്മാര്‍തന്നെയാണ് ശ്രദ്ധിക്കേണ്ടതെന്നും ജസ്റ്റിസ് ജെ ബി കോശി നിരീക്ഷിച്ചു.
നീതിപീഠത്തില്‍ ഇരിക്കുന്നയാള്‍ വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കുകയും അതിന് വലിയ അനന്തര ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. കോടതി നിരീക്ഷണം വാക്കാലാണെങ്കില്‍ ബന്ധപ്പെട്ട കക്ഷിക്ക് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കഴിയില്ലന്നും ജസ്റ്റിസ് ജെ ബി കോശി ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങള്‍ ചീഫ് ജസ്റ്റിസും സീനിയര്‍ ജഡ്ജിമാരും ചേര്‍ന്ന് സ്വയം തീരുമാനിക്കണം.
ഒരു സ്വകാര്യ അന്യായം റദ്ദാക്കാനുള്ള അപേക്ഷയില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ നടത്തിയതായി മാധ്യമങ്ങളില്‍ വന്ന പ്രസ്താവനയെ അടിസ്ഥാനമാക്കി മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ടി സി രാഘവന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നിരീക്ഷണം. വിജിലന്‍സ് വകുപ്പിനെതിരേ ജഡ്ജി നടത്തിയതായി പത്രങ്ങള്‍ പ്രസിദ്ധീകരിച്ച പ്രസ്താവന ബന്ധപ്പെട്ട കക്ഷിയെ കേള്‍ക്കാതെയാണെന്നും പരാതിയില്‍ പറയുന്നു. ഒരാളെ കേള്‍ക്കാതെ അയാള്‍ക്കെതിരേ കോടതികള്‍ നിരീക്ഷണങ്ങള്‍ നടത്തരുതെന്ന് സുപ്രിം കോടതി ഉത്തരവുണ്ട്. ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ കുറ്റപ്പെടുത്തുന്നതിനു മുമ്പ് അവരെ കേള്‍ക്കുക എന്ന അവകാശം സ്വാഭാവിക നീതിയുടെ അടിസ്ഥാനമാണെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരന്‍ പത്രപ്രസ്താവന മാത്രമാണ് അടിസ്ഥാനമാക്കിയതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
രാംദേവ് ചൗഹാനും രാജ്‌നാഥ് ചൗഹാനും ബനികന്ത് ദാസും തമ്മിലുള്ള കേസില്‍ സുപ്രിംകോടതി മനുഷ്യാവകാശ ലംഘനം നടത്തിയാല്‍പോലും മനുഷ്യാവകാശ കമ്മീഷന് ഇടപെടാമെന്ന വിധിയുണ്ടെങ്കിലും പരാതിയില്‍ പറയുന്നതുപോലെ ജഡ്ജി പറഞ്ഞതായി അറിയാത്തതുകൊണ്ട് നടപടികളിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ജെ ബി കോശി ചൂണ്ടിക്കാണിച്ചു.
Next Story

RELATED STORIES

Share it