കോടതി അനുമതിയില്ലാതെ ലാവ്‌ലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തരുത്: ഹൈക്കോടതി

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയെ കോടതിയുടെ അനുമതിയില്ലാതെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് 2015 സപ്തംബര്‍ 28ന് സര്‍ക്കാര്‍ നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാനഡ ആസ്ഥാനമായ ലാവ്‌ലിന്‍ കമ്പനി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
സര്‍ക്കാര്‍ നല്‍കിയ നോട്ടീസിനൊപ്പം കമ്പനി ആവശ്യപ്പെട്ട രേഖകള്‍ നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ നല്‍കണമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. രേഖകള്‍ ലഭിച്ചാല്‍ കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടി കമ്പനി നല്‍കണമെന്നും എട്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കരാര്‍ലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് രാജ്യാന്തരതലത്തില്‍ കരാര്‍ ഇടപാടുകള്‍ നടത്തി പ്രവൃത്തികള്‍ ചെയ്യുന്ന കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതെന്നാണു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ബിസിനസ് ഇടപാടല്ലാത്ത കാര്യത്തിലാണ് കരാര്‍ലംഘനം ചൂണ്ടിക്കാട്ടി കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്. ഭരണഘടനയുടെ 166, 299 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള കരാര്‍ ഉണ്ടാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇല്ലാത്ത കരാറിന്റെ പേരിലാണ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.
കരാര്‍ലംഘനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവുകളും പരിഗണിച്ചിട്ടില്ലെന്നും കമ്പനി നല്‍കിയ ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it