കോടതിവിധിയാണ് പരിഹാരം: കാന്തപുരം

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍  കോടതിക്ക് പുറത്ത് ചര്‍ച്ചകള്‍ ഫലപ്രദമാവില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. കോടതിക്ക് പുറത്ത് ഇത്തരമൊരു നീക്കം നടന്നാല്‍ അതില്‍ ഭാഗമാവണമെന്നു കൂടുതല്‍ പേര്‍ അവശ്യമുന്നയിക്കുന്ന സാഹചര്യമുണ്ടാവും. ഇതു ചര്‍ച്ചകള്‍ അവസാനിക്കാത്ത അവസ്ഥയിലെത്തിക്കുമെന്നും വിഷയത്തില്‍ കോടതി തന്നെ ഇടപെട്ടു ന്യായമായ തീരുമാനം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോര്‍ദാന്‍ രാജാവ് കിങ് അബ്ദുല്ല രണ്ടാമന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദിന്റെ സ്ഥലം വീതംവയക്കുന്നതിനോടു യോജിപ്പില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന കാന്തപുരം, മസ്ജിദ് പൊളിച്ചുകളഞ്ഞതു ശരിയല്ലെന്നത് ഇപ്പോഴും നിലനില്‍ക്കുന്നതാണെന്നും വ്യക്തമാക്കി. സിറിയയിലെ രാസായുധ പ്രയോഗം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യരുണ്ടായിട്ടു വേണം ഭരണം നിലനില്‍ക്കാന്‍ എന്നു പോലും ചിന്തിക്കാതെയാണു ഭരണാധികാരികള്‍  ഇടപെടുന്നത്. അതിന്റെ ഭാഗമാണു സിറിയില്‍ രാസായുധ പ്രയോഗം. ഇത് ഉടന്‍ നിര്‍ത്താന്‍ തയ്യാറാവണം. സിറിയയിലെ പ്രശ്‌നത്തില്‍ ഇടപെടാന്‍  ജോര്‍ദാന്‍ രാജാവുമായി നടത്തിയ സംഭാഷണത്തിനിടെ വ്യക്തമാക്കി—യെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതസ്ഥരുമായി സഹവര്‍ത്തിത്വം പൂലര്‍ത്തണമെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്നാണു ജോര്‍ദാന്‍ രാജാവ് പറഞ്ഞതെന്നു കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. കേരളത്തിലടക്കം ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് ആശ്വാസ്യമല്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയില്‍ പശുക്കളെ കടത്തിയെന്നും അറുത്തെന്നും ആരോപിച്ച് ആളുകളെ കൊലപ്പെടുത്തുന്നു. കഴിഞ്ഞദിവസം അട്ടപ്പാടിയില്‍ ഒരു ആദിവാസി യുവാവിനെ മോഷണം നടത്തിയെന്നാരോപിച്ച് അടിച്ചുകൊന്നു. ഒരാള്‍ കളവു നടത്തിയാല്‍ അതിന്റെ ശിക്ഷ നല്‍കാന്‍ ജനങ്ങള്‍ക്ക് അധികാരമില്ല.
ഓരോ വ്യക്തികളും സമൂഹവും പാര്‍ട്ടികളും ശിക്ഷ നല്‍കാന്‍ തുടങ്ങിയാല്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയില്ല. അതുകൊണ്ടു നിയമം കൈയിലെടുക്കുകയെന്ന തെറ്റായ നയത്തില്‍ നിന്നു ജനങ്ങളും സംഘടനകളും പിന്‍മാറണം. അതിനു കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസയ്ന്‍ സാഖഫി, അമീന്‍ സഖാഫി എന്നിവര്‍   സംബന്ധിച്ചു.
Next Story

RELATED STORIES

Share it