കോടതിവളപ്പില്‍ കെവിന്‍ കൊലക്കേസ് പ്രതിയുടെ വീഡിയോ കോള്‍: പോലിസിന് ശ്രദ്ധക്കുറവുണ്ടായി

കോട്ടയം/കൊച്ചി: കെവിന്‍ കൊലക്കേസിലെ പ്രതികളിലൊരാളായ ഷെഫിന്‍ കോടതിവളപ്പില്‍ പോലിസ് വാഹനത്തിലിരുന്ന് ബന്ധുവായ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ വഴി കുടുംബവുമായി വീഡിയോ കോള്‍ നടത്തിയ സംഭവത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ശ്രദ്ധക്കുറവുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപോര്‍ട്ട്. ഷെഫിന്റെ വീഡിയോ കോളുമായി ബന്ധപ്പെട്ടു പോലിസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ജില്ലാ പോലിസ് മേധാവി ഹരിശങ്കര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അതിവേഗം അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കിയത്.
എഎസ്‌ഐ, സീനിയര്‍ സിപിഒ, രണ്ടു സിപിഒമാര്‍ എന്നിവരുടെ മൊഴിയെടുത്തു. ഇത്രയും പോലിസുകാര്‍ അടുത്തുള്ളപ്പോള്‍ പ്രതി ഫോണില്‍ സംസാരിച്ചത് തികച്ചും അസാധാരണമാണെന്നു റിപോര്‍ട്ട് സൂചിപ്പിക്കുന്നു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയുണ്ടാവും. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിവളപ്പില്‍ പോലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്നാണ് ഷെഫിന്‍ വീഡിയോ കോള്‍ മുഖേന വീട്ടുകാരോട് സംസാരിച്ചത്. വളരെ പെട്ടെന്നാണ് പ്രതി വാഹനത്തില്‍ നിന്നു തല പുറത്തേക്കിട്ട് സംസാരിച്ചതെന്നും ശ്രദ്ധയില്‍പ്പെട്ടയുടന്‍ പിന്തിരിപ്പിച്ചെന്നുമാണ് പോലിസിന്റെ വിശദീകരണം.
അതേസമയം, കെവിനെ തട്ടിക്കൊണ്ടു പോവാന്‍ വന്നവരില്‍ നിന്നു പണം വാങ്ങിയെന്ന കേസിലെ പ്രതികളായ പോലിസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്ക് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.
തട്ടിക്കൊണ്ടു പോവലിനിരയായ കെവിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടതോടെ ജാമ്യം അനുവദിച്ച നടപടി വിവാദത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കെവിനെ തട്ടിക്കൊണ്ടു പോവുന്നതിനു തൊട്ടുമുമ്പ് കേസിലെ പ്രധാന പ്രതിയും കെവിന്റെ ഭാര്യയുടെ സഹോദരനുമായ ഷാനു അടക്കമുള്ളവരെ കോട്ടയത്ത് വാഹന പരിശോധനയ്ക്കിടെ പോലിസ് തടഞ്ഞിരുന്നു. കൈക്കൂലി കേസിലെ പ്രതികളായ പോലിസുകാര്‍ ഇവരില്‍ നിന്നു 2000 രൂപ കൈക്കൂലി വാങ്ങിയ ശേഷം വിടുകയായിരുന്നെന്നാണ് കേസ്.
ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുമാണ് അന്വേഷണ സംഘം ജൂണ്‍ രണ്ടിന് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. എന്നാല്‍, ജാമ്യം നിഷേധിക്കാന്‍ മതിയായ കുറ്റകൃത്യത്തിന് തെളിവില്ലെന്നു വ്യക്തമാക്കി ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷയും തള്ളി. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് അന്വേഷണവുമായി ബന്ധപ്പെട്ട മുന്‍വിധിക്കിടയാക്കിയെന്നും അന്വേഷണത്തെ ബാധിച്ചുവെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it