wayanad local

കോടതിയുടെ ചുറ്റുമതിലില്‍ മാവോവാദി അനുകൂല പോസ്റ്റര്‍ ; പോലിസ് അന്വേഷണം തുടങ്ങി

സുല്‍ത്താന്‍ ബത്തേരി: കോടതിയുടെ ചുറ്റുമതിലില്‍ മാവോവാദി അനുകൂല പോസ്റ്ററുകള്‍. കര്‍ഷകനെ ജയിലിലടച്ച കോടതി ആരുടെ പക്ഷത്ത്, ബാങ്കിനെ സംരക്ഷിച്ച പോലിസ് ആരുടെ പക്ഷത്ത് എന്ന തലക്കെട്ടോടുകൂടിയ രണ്ടു പോസ്റ്ററുകളാണ് കോടതി പരിസരത്ത് കാണപ്പെട്ടത്. സിപിഐ മാവോവാദി അര്‍ബന്‍ ഏരിയാ കമ്മിറ്റി വക്താവിന്റെ പേരിലാണ് പോസ്റ്ററുകള്‍.
ഇന്നലെ രാവിലെയാണ് സുല്‍ത്താന്‍ ബത്തേരി കോടതിയുടെ മുഖ്യകവാടത്തോട് ചേര്‍ന്ന് ചുറ്റുമതിലില്‍ മാവോവാദി അനുകൂല പോസ്റ്ററുകള്‍ കണ്ടത്.
കര്‍ഷകരെ ആത്മഹത്യയിലേക്കും ജയിലിലേക്കും തള്ളിവിടുന്ന ബാങ്ക്-ബ്ലേഡ് സംഘങ്ങള്‍ക്കും സര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരേ പൊരുതാന്‍ തയ്യാറാവുക എന്നും പോസ്റ്ററിലുണ്ട്.
വന്‍കിട കുത്തക ഭീമന്‍മാരുടെ കടങ്ങള്‍ റദ്ദാക്കി അവരെ സഹായിക്കുകയും പാവപ്പെട്ട കര്‍ഷകരെ കടത്തിന്റെ പോരില്‍ ജപ്തി ചെയ്തു തെരുവിലെറിയുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നു പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. കര്‍ഷകന്‍ ജയിലില്‍ പോവാന്‍ ഇടവരുത്തിയ ഇരുളം ബാങ്ക് മാനേജറുടെ പേര് പോസ്റ്ററില്‍ എടുത്തു പറയുന്നുണ്ട്.
ഒരാഴ്ച മുമ്പ് ഇരുളം ബാങ്ക് മാനേജറായിരുന്ന ഭാസ്‌കരന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിക്കുകയും മാവോവാദി അനുകൂല പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it