Alappuzha local

കോടതിയില്‍ നിന്ന് മടങ്ങുന്നതിനിടെ വിലങ്ങുമായി പ്രതി രക്ഷപ്പെട്ടു

ചെങ്ങന്നൂര്‍: കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി പോലിസിനെ വെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടു. ബൈക്ക് മോഷണവും ക്ഷേത്ര കവര്‍ച്ചയും പതിവാക്കിയ മുളക്കുഴ തലക്കുളഞ്ഞിയില്‍ വീട്ടില്‍ സുരേഷ് (മക്കു 20) ആണ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഓടി രക്ഷപ്പെട്ടത്. മോഷണകേസുകളില്‍ പിടിക്കപെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാളെ കേസിന്റെ വിചാരണയ്ക്കായി ചൊവ്വാഴ്ച ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കി മടങ്ങവേ 1.15 ഓടെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഇയാള്‍ രക്ഷപെട്ടതെന്ന് പോലിസ് പറഞ്ഞു. സുരേഷുമായി വന്ന തിരുവനന്തപുരം എആര്‍ ക്യാമ്പിലെ രണ്ട് പോലിസുകാര്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു. കേരളാ എക്‌സ്പ്രസ് സ്‌റ്റേഷനിലേക്ക് സാവധാനം വന്നു കൊണ്ടിരിക്കവേ പ്രതി വിലങ്ങുമായി പാളം മുറിച്ച് ഓടുകയായിരുന്നു. തുടര്‍ന്ന് തെക്കുവശത്തുള്ള റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുനിന്നും താഴത്തെ റോഡിലേക്ക് ഇറങ്ങി പാളത്തിന് തെക്കോട്ടുള്ള സമാന്തരമായുള്ള ഇടവഴിയിലൂടെ ഓടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പോലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടുവാന്‍ സാധിച്ചില്ല.
ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് അടക്കം ഉടന്‍ തന്നെ എത്തി റെയില്‍വേസ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. രക്ഷപെടുന്ന സമയത്ത് കറുത്ത കോളര്‍ലസ്സ് ടീഷര്‍ട്ടും നീല ജീന്‍സും കാലില്‍ പച്ച കാന്‍വാസ് ഷൂവുമായിരുന്നു ഇയാള്‍ ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 2015 ഡിസംബര്‍ 11ന് പുലര്‍ച്ചെ ഒന്നേ മുക്കാലിനാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മക്കുവും 17കാരനായ കുട്ടിമോഷ്ടാവും ചെങ്ങന്നൂര്‍ പോലിസിന്റെ റോന്ത് ചുറ്റലിനിടയില്‍ പിടിയിലാകുന്നത്. പിടിയിലാകുമ്പോള്‍ കൊഴുവല്ലൂര്‍ കുതിരവെട്ടത്ത് ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷ്ടിച്ച പണവും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. ആക്രികട മോഷണം, ബൈക്ക് മോഷണം, വിവധ ക്ഷേത്രങ്ങളിലെ മോഷണം അടക്കം ആറ് കേസുകള്‍ ഇയാക്കെതിരെ ഉണ്ട്. 2015മാര്‍ച്ച് 26ന്കാരയ്ക്കാട് കൊയ്ത്തുയന്ത്രവുമായിവന്ന കുട്ടനാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് അതിവേഗം പോകുമ്പോള്‍ അതിടിച്ച് കാരയ്ക്കാട് കല്ലുംപുറത്ത് ശിവരാമന്‍ മരിച്ച സംഭവവും ഇയാളുടെ പേരില്‍ ഉണ്ട്. ഇയാള്‍ക്കായി ചെങ്ങന്നൂര്‍ പോലിസ് തിരച്ചില്‍ നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it