malappuram local

കോടതിയില്‍ തളര്‍ന്നുവീണപ്പോഴും മാതാവ് ഓടിയെത്തി; എന്നിട്ടും മകന്‍ കഴുത്തറുത്തു

പുത്തനത്താണി: മകനെതിരെയുള്ള കേസില്‍ കോടതിയില്‍ വിചാരണ നടക്കവെ മകന്‍ കോടതിയില്‍ തളര്‍ന്നു വീണപ്പോഴും ആ മാതൃ ഹൃദയം വേദനിച്ചു. ഓടിയെത്തി മകനെ എണീപ്പിച്ച് തലോടി എല്ലാം ചെയ്ത് കൊടുത്തതും മാതാവായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഏക മകന്റെ കയ്യാലെ തന്നെ ദാരുണമായി കൊല്ലപ്പെടുവാനായിരുന്നു ആ മാതാവിന്റെ വിധി.
തിങ്കളാഴ്ച്ചയായിരുന്നു സംരക്ഷിക്കാത്തതിന്റെ പേരില്‍ പാത്തുമ്മു മകനെതിരെ തിരൂര്‍ കുടുംബ കോടതിയില്‍ നല്‍കിയ ഹരജിയുടെ അവസാന വിചാരണ നടന്നത്. വിചാരണ നടന്ന് കൊണ്ടിരിക്കെയാണ് ഒരു വേള മകന്‍ കോടതിയില്‍ തളര്‍ന്നുവീണത്. ഉമ്മാനെ നോക്കി കൊള്ളാം എന്ന് പറഞ്ഞ് മാപ്പപേക്ഷ എഴുതി കൊടുത്ത് വീട്ടിലേയ്ക്ക് കൊണ്ടു പോവുമ്പോഴും നൊന്തു പ്രസവിച്ച് വളര്‍ത്തി വലുതാക്കിയ മകന്‍ തന്നെ അറും കൊല ചെയ്യുമെന്ന് ഉമ്മ മനസ്സില്‍ പോലും കരുതിക്കാണില്ല.
അതിക്രൂരമായാണ് ഉമ്മയെ കൊലപ്പെടുത്തിയതെന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സിഐ കെ ജി സുരേഷ് പറഞ്ഞു. പിറകില്‍ നിന്നു കഴുത്തിന്റെ പിന്‍വശത്ത് രണ്ട് പ്രാവശ്യമാണ് ആദ്യം കുത്തിയത്. തുടര്‍ന്നു വയറിനു കുത്തി വീണ്ടും കഴുത്തില്‍ കുത്തിയപ്പോള്‍ മാതാവ് കത്തിയില്‍ പിടിച്ച് തടയാന്‍ ശ്രമം നടത്തിയെങ്കിലും വീണ്ടും കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ചതുമൂലം കൈയിലും മുറിവുകളുണ്ട്. കഴുത്തിലും വയറിലുമായി ആഴത്തിലുള്ള ആറ് കുത്തുകളും എട്ടോളം മുറിവുകളുമാണ് ഉണ്ടായിരുന്നത്. മരിച്ചെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാണു കത്തി സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച് മൊയ്തീന്‍ സ്‌റ്റേഷനില്‍ കീഴടങ്ങിയത്.
രാത്രി മുഴുവനും സംഭവസ്ഥലത്ത് പോലിസ് കാവലിലായിരുന്ന മൃതദേഹം ഇന്നലെ രാവിലെയാണ് പോലിസിന്റെ നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട്ടേക്ക് മാറ്റിയത്. പ്രതിയെ കാണാനായി ഇന്നലെ രാവിലെ തന്നെ സ്‌റ്റേഷനു മുന്നില്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു.
Next Story

RELATED STORIES

Share it