Districts

കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

കൊച്ചി: മന്ത്രി മാണി ആരോപണ വിധേയനായ ബാര്‍ കോഴ കേസിലെ വിജിലന്‍സ് കോടതി ഉത്തരവിനെതിരേയുള്ള ഹരജിയില്‍ വിധി പറയുന്നതിനിടെ ഹൈക്കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. താന്‍ ഹാജരാവുന്നതിനെതിരേ എതിര്‍ കക്ഷികളുടെ അഭിഭാഷകര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളതിനാല്‍ ഒഴിവാകുകയാണെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയെ അറിയിച്ചു. എന്നാല്‍, തങ്ങള്‍ എജി ഹാജരാവുന്നതിനെ എതിര്‍ത്തിട്ടില്ലെന്ന് എതിര്‍ കക്ഷികളുടെ അഭിഭാഷകര്‍ അറിയിച്ചു.
തുടര്‍ന്ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വിജിലന്‍സിനു വേണ്ടി വാദം തുടങ്ങി. വാദത്തിനിടെ വിജിലന്‍സ് കോടതി ഉത്തരവില്‍ കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് കോടതി പരാമര്‍ശം നടത്തി. ഇതിനെ എതിര്‍ത്ത് കപില്‍ സിബല്‍ വാദം ഉന്നയിച്ചതോടെ കുറച്ചു നേരത്തേക്ക് കോടതിയില്‍ വാദം നിര്‍ത്തിവച്ചു. പിന്നീട് തെളിവുണ്ടെന്ന പരാമര്‍ശം കോടതി നീക്കിയതോടെയാണ് വാദം തുടര്‍ന്നത്.
വിജിലന്‍സ് കേസുകളുടെ അന്വേഷണത്തില്‍ ഡയറക്ടര്‍ക്കുള്ള സവിശേഷമായ അധികാരങ്ങളെക്കുറിച്ച് വിശദമായ വാദത്തിലേക്കു കടന്നെങ്കിലും വിജിലന്‍സിന്റെ ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലെന്നും കേസിലെ എതിര്‍കക്ഷികളുടെ അഭിഭാഷകര്‍ ബോധിപ്പിച്ചു. തുടര്‍ന്ന് വിജിലന്‍സ് കോടതി വിധിക്കെതിരേ ഹരജി സമര്‍പ്പിക്കാന്‍ വിജിലന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ കത്ത് അഡ്വ. ജനറല്‍ കോടതിക്കു കൈമാറി. കേസന്വേഷണത്തില്‍ ഇടപെടാനുള്ള വിജിലന്‍സ് ഡയറക്ടറുടെ അധികാരവും തുടരന്വേഷണ ഉത്തരവിന്റെ സാധ്യതയുമാണു പരിശോധിക്കുന്നതെന്നും കേസിന്റെ മറ്റു വസ്തുതകളിലേക്കു കടക്കുന്നില്ലെന്നും കോടതി പറഞ്ഞു.
അഴിമതി ആരോപണത്തിനു വിധേയനായ ഒരു മന്ത്രിയുടെ രാജി സൂചന നല്‍കുന്ന തരത്തില്‍ ഹൈക്കോടതി പരാമര്‍ശം നടത്തുന്നത് ആദ്യമായിട്ടാണ്. ഇത്തരം പരാമര്‍ശങ്ങള്‍ കോടതികള്‍ സാധാരണ നടത്താറില്ലെങ്കിലും തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ 'പ്രഥമദൃഷ്ട്യാ തെളിവ്' ഹൈക്കോടതിക്കു കണക്കിലെടുക്കേണ്ടി വന്നു.
Next Story

RELATED STORIES

Share it