കോടതിയിലെ തിരിച്ചടി പ്രശ്‌നമില്ലെങ്കില്‍ സര്‍ക്കാരിന് എന്തു തീരുമാനവുമെടുക്കാം

തിരുവനന്തപുരം: കോടതിയിലെ തിരിച്ചടികള്‍ പ്രശ്‌നമല്ലെങ്കില്‍ സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് എന്തു തീരുമാനവും കൈക്കൊള്ളാമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഞ്ചുവര്‍ഷം തന്നെ വേട്ടയാടിയപ്പോള്‍ അതിനെ താനോ, യുഡിഎഫോ രാഷ്ട്രീയമായി നേരിട്ടിട്ടില്ല. നിയമപരമായി നേരിടുമെന്നാണ് പറഞ്ഞത്. ഇപ്പോഴും അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കമ്മീഷന്‍ റിപോര്‍ട്ടില്‍ നിന്ന് കത്ത് മാത്രമാണു പിന്‍വലിച്ചിട്ടുള്ളത്. എന്നാല്‍, കത്ത് പോയതോടെ എല്ലാം പോയി. നാലു ഭാഗത്താണ് കത്തിനെക്കുറിച്ച് പരാമര്‍ശമുള്ളത്. 1075 പേജുള്ള റിപോര്‍ട്ടില്‍ 849 പേജും കത്തിനെ ആസ്പദമാക്കിയാണ്.
കമ്മീഷന്റെ ടേംസ് ഒാഫ് റഫറന്‍സില്‍ മൂന്ന് കാര്യങ്ങളാണു പറഞ്ഞിട്ടുള്ളത്. സോളാര്‍ ഇടപാട് മൂലം സര്‍ക്കാരിനു സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആരാണ് ഉത്തരവാദി, സര്‍ക്കാരിലുള്ള ആരെങ്കിലും സഹായിച്ചിട്ടുണ്ടോ. കത്തില്‍ ഇതൊന്നുമില്ല. കത്ത് കോടതി നീക്കിയതോടെ കമ്മീഷന്‍ റിപോര്‍ട്ട് തന്നെ അപ്രസക്തമായി. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം 10 കോടി വാഗ്ദാനം ചെയ്തതായി ഒരു പ്രമുഖ പ്രസിദ്ധീകരണത്തില്‍ കവര്‍സ്‌റ്റോറി വന്നു. എന്നിട്ടും നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരേ തങ്ങള്‍ ആക്ഷേപം പറഞ്ഞില്ല. പിണറായിക്കെതിരായ ലാവ്‌ലിന്‍ കേസ് സിബിഐക്ക് വിട്ടതിന്റെ പ്രതികാര നടപടിയാണോ ഇപ്പോള്‍ നേരിടുന്നതെന്ന ചോദ്യത്തിന്, അതിന്റെ സാഹചര്യം വേറെയായിരുന്നുവെന്ന് അദ്ദേഹം മറുപടി പറഞ്ഞു. പിണറായി വിജയനെ കുറ്റവിമുക്തമാക്കിയുള്ള റിപോര്‍ട്ടാണ് അന്ന് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയത്. വിജിലന്‍സ് അന്വേഷണത്തില്‍ തന്റെ സര്‍ക്കാ ര്‍ ഇടപെടല്‍ നടത്തിയില്ലെന്നതിന്റെ തെളിവു കൂടിയായിരുന്നു അന്വേഷണ ഫലം.
എന്നാല്‍ അധികാരത്തില്‍ നിന്നു താന്‍ പോവുമ്പോള്‍ ചീത്തപ്പേര് വേണ്ടെന്നു കരുതിയാണ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. എന്നാ ല്‍, കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി. പിന്നീട് ഒരു പൊതുതാല്‍പര്യ ഹരജി വന്നപ്പോഴാണു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
റിപോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ചെന്നിത്തലയും പ്രതികരിച്ചു. മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. സരിതയുടെ കത്ത് ഒഴിവാക്കിയതിലൂടെ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് തിരുവഞ്ചൂരും പ്രതികരിച്ചു.
Next Story

RELATED STORIES

Share it