കോടതിയലക്ഷ്യം; മന്ത്രി കെ സി ജോസഫ് നേരിട്ട് ഹാജരാവണം: കോടതി

കൊച്ചി: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരേ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയ മന്ത്രി കെ സി ജോസഫ് നിരുപാധിക മാപ്പപേക്ഷ നല്‍കിയെങ്കിലും നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി ഉത്തരവ്. ഫേസ്ബുക്ക് പോസ്റ്റിട്ടതിനുശേഷം തെറ്റു മനസ്സിലായതിനെ ത്തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചുവെന്നും നിരുപാധികം മാപ്പുനല്‍കണമെന്നും ആവശ്യപ്പെട്ട് കെ സി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലം വിശദമായ പരിശോധനയ്ക്കായി ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മാറ്റി.
കോടതിയലക്ഷ്യം കാട്ടിയിട്ടുള്ളത് സാധാരണക്കാരനായ വ്യക്തിയല്ലെന്നും സത്യവാങ്മൂലം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പരാതിക്കാരനായ വി ശിവന്‍കുട്ടി എംഎല്‍എക്ക് സത്യവാങ്മൂലത്തിനെതിരേ തര്‍ക്കം ബോധിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ശിവന്‍കുട്ടിയുടെ അഭിഭാഷകനായ സി പി ഉദയഭാനുവിനു നല്‍കാനും കോടതി നിര്‍ദേശിച്ചു. മന്ത്രി എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ളതിനാല്‍ ഇന്നലെ ഹാജരാവാന്‍ അസൗകര്യമുണ്ടെന്നും നിയമസഭാ സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 25നു ശേഷം ഹാജരാവാമെന്നും ചൂണ്ടിക്കാട്ടി കെ സി ജോസഫ് അപേക്ഷ നല്‍കി. ഇതേത്തുടര്‍ന്നാണ് മാര്‍ച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി കെ സി ജോസഫ് കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.
അഡ്വക്കറ്റ് ജനറല്‍ ഓഫിസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിമര്‍ശിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരേ ചായത്തൊട്ടിയില്‍ വീണ കുറുക്കന്റെ ഓരിയിടല്‍'എന്നു പരാമര്‍ശം നടത്തിയത് ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മന്ത്രിക്ക് കുറ്റപത്രം നല്‍കുന്നതിന് ഇന്നലെ നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിച്ചത്. മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും ഹൈക്കോടതി രജിസ്ട്രി, പരാതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പരിഗണനയ്ക്കയച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയനും ഹരജി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സമിതിയുടെ പരിഗണനയ്ക്ക് അയക്കാത്തത് ഹൈക്കോടതി രജിസ്ട്രിയുടെ വീഴ്ചയാണെന്നു പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it