കോടതിക്ക് പുറത്തെ തീര്‍പ്പിന് നിയമ പ്രാബല്യം വരുന്നു

ന്യൂഡല്‍ഹി: കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കുന്ന കേസുകള്‍ക്കു നിയമപ്രാബല്യം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് നിയമപരിഷ്‌കാര സമിതിയുടെ അംഗീകാരം. നിയമ മന്ത്രാലയമായിരുന്നു നിയമപരിഷ്‌കാര ഉപദേശക സമിതിക്കു ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന സമിതിയുടെ യോഗത്തില്‍ പല അംഗങ്ങളും സര്‍ക്കാര്‍ നിര്‍ദേശത്തെ അനുകൂലിച്ചു. അഭിഭാഷകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുകള്‍ നടക്കേണ്ടതെന്നും സമിതി അഭിപ്രായപ്പെട്ടു.
കേന്ദ്ര നിയമ മന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയില്‍ സുപ്രിംകോടതി, ബാര്‍ കൗണ്‍സില്‍, ആഭ്യന്തര-നിയമ മന്ത്രാലയങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍, അറ്റോര്‍ണി ജനറല്‍ എന്നിവരാണ് അംഗങ്ങള്‍. വര്‍ഷത്തില്‍ രണ്ടുതവണയാണു സമിതി യോഗം ചേരുന്നത്. നിലവില്‍ വിവാഹ സംബന്ധമായ കേസുകളില്‍ മാത്രമാണു കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുകള്‍ നടക്കുന്നത്. നിയമപ്രാബല്യം നടപ്പായാല്‍ ഭൂമി ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍, വ്യാവസായിക മേഖലയിലെ തര്‍ക്കങ്ങള്‍ എന്നിവയിലേക്കുകൂടി ഈ സംവിധാനം വ്യാപിപ്പിക്കാനാവും.
നിലവിലെ ഒത്തുതീര്‍പ്പു നടപടികള്‍ അപര്യാപ്തമാണെന്നും വ്യത്യസ്തമായ നീതിബോധവും സമീപന രീതിയും നടപടിക്രമങ്ങളും ഇതിനാവശ്യമാണെന്നും ജഡ്ജി എന്‍ ആര്‍ മാധവ മേനോന്‍ യോഗത്തില്‍ പറഞ്ഞു. കോടതികളിലെ കേസുകള്‍ കുറയ്ക്കുക എന്നതാണ് ഇതുകൊണ്ടു പ്രധാനമായും ഉദ്ദേശിക്കുന്നത്. മധ്യസ്ഥര്‍ മുഖേനയുള്ള ചര്‍ച്ച വിഫലമായാല്‍ മാത്രമേ കോടതി ഇടപെടേണ്ടതുള്ളൂവെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍കുമാര്‍ മിശ്ര പറയുന്നത്.
Next Story

RELATED STORIES

Share it