കോടതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പരിഗണന

കൊച്ചി: കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പാവൂരില്‍ പുതിയ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴയകാലത്ത് ആരംഭിച്ച കോടതികള്‍ ഇന്ന് അസൗകര്യങ്ങളുടെ നടുവിലാണ്. സംസ്ഥാനത്തെ സാമ്പത്തിക നില ഭദ്രമാവുന്നതുവരെ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത് ദീര്‍ഘിപ്പിക്കാനാവില്ല. കക്ഷികള്‍ക്കും ജീവനക്കാര്‍ക്കും ഇരിക്കാന്‍ പോലുമുള്ള സൗകര്യമില്ലാത്ത കോടതികള്‍ സംസ്ഥാനത്തുണ്ട്. ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കു പോലും ആവശ്യത്തിന് സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് വാസസ്ഥലം ഒരുക്കുന്ന കാര്യത്തിലും സംസ്ഥാനം ഏറെ പിന്നിലാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ജഡ്ജിയടക്കം താമസിക്കുന്നതിന് കെട്ടിടം നോക്കി നടക്കേണ്ട അവസ്ഥയാണുള്ളത്. ഈ വിഷയത്തില്‍ മുന്‍ഗണനാക്രമത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇതിനുള്ള മുന്‍ഗണനാക്രമം കോടതി തന്നെ നിര്‍ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് കോടതി സമുച്ചയങ്ങള്‍ കൂടി സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 12 കോടതി കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. കോടതികളുടെ നവീകരണം, പശ്ചാത്തല സൗകര്യ വികസനം എന്നിവയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണു നല്‍കുന്നതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. രാഷ്ട്രീയ അതിപ്രസരം ജുഡീഷ്യറി—യെയും ബാധിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തെറ്റും ശരിയുമല്ല കുറ്റവും ശിക്ഷയുമാണ് കോടതി വിധിക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസ്യതയാണ് ജുഡീഷ്യറിയുടെ അന്തസ്സെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. കോടി—കളുടെ സൗകര്യങ്ങള്‍ വര്‍ധിക്കുന്തോറും ജനങ്ങള്‍ക്കു വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോടതി നടപടികളിലെ കാലതാമസത്തിനു പശ്ചാത്തല സൗകര്യങ്ങളുടെ പരിമിതി നിര്‍ണായക കാരണമാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാരായ സി കെ അബ്ദുല്‍ റഹീം, കെ സുരേന്ദ്ര മോഹന്‍,  എംഎല്‍എമാരായ അഡ്വ. വി പി സജീന്ദ്രന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it