Flash News

കോച്ച് ഫാക്ടറി: പിയൂഷ് ഗോയലിന്റെ പ്രസ്താവന വിടുവായത്തം; പിണറായി

ന്യൂഡല്‍ഹി: പാലക്കാട്ടെ കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന വിടുവായത്തമാണെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. കേന്ദ്രമന്ത്രി ആയതുകൊണ്ട് എന്തും പറയാമെന്നു കരുതരുത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചില്ലെന്നു പറഞ്ഞാല്‍ പോരാ, നടപ്പാക്കാന്‍ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയില്‍വേ വികസനവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും സ്ഥലമെടുപ്പ് നടപടികള്‍ വൈകിക്കുകയാണെന്നും പിയൂഷ് ഗോയല്‍ ആരോപിച്ചിരുന്നു. ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്നും കേരളത്തിലെ റെയില്‍വേ വികസന സ്ഥലമെടുപ്പ് സംബന്ധിച്ച് ഗോയല്‍ പരിഹസിച്ചിരുന്നു.
റെയില്‍വേ മന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും സമയം അനുവദിച്ചില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹി സന്ദര്‍ശനവേളയില്‍ റെയില്‍വേ മന്ത്രിയെ കാണുന്ന കാര്യം ചിന്തിക്കുകപോലും ചെയ്തിട്ടില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രശ്‌നവുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രിക്കു കത്തുകള്‍ അയച്ചിരുന്നു. കേന്ദ്രസര്‍ക്കാരുമായി നിരവധി തവണ ബന്ധപ്പെടുകയും ചെയ്തിരുന്നു. പാലക്കാട് എംപി ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഫാക്ടറിക്ക് ഏറ്റെടുത്ത ഭൂമി ഇപ്പോള്‍ റെയില്‍വേയുടെ കൈയിലാണ്. ഇക്കാര്യമെല്ലാം അവഗണിച്ച് കോച്ച് ഫാക്ടറി വേണ്ടെന്നുവച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരായ പ്രതിഷേധമാണ് റെയില്‍ ഭവനു മുന്നില്‍ നടത്തിയ ധര്‍ണ. സമരം ഉദ്ഘാടനം ചെയ്യാന്‍ പോയിരുന്നു. അതല്ലാതെ മന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടില്ല. ഇക്കാര്യം മാധ്യമങ്ങള്‍ക്കും അറിയാവുന്നതാണ്.
ഭൂമി ഏറ്റെടുത്തുനല്‍കിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണെന്നാണ് ആദ്യം കരുതിയത്. അത് അദ്ദേഹം ആവര്‍ത്തിക്കുന്നത് ബോധപൂര്‍വമാണ്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം. കേന്ദ്രമന്ത്രിയാണ് എന്നതുകൊണ്ട് എന്തെങ്കിലും വിളിച്ചുപറയാന്‍ പാടില്ല. റെയില്‍വേ ഭൂമി ഏറ്റെടുക്കലില്‍ നല്ല പുരോഗതിയാണ് കേരളത്തിലുണ്ടായിട്ടുള്ളത്. ഇക്കാര്യങ്ങളിലെ വസ്തുതകള്‍ വ്യക്തമാക്കി അദ്ദേഹത്തിന് കത്തയക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുമെന്നും പദ്ധതി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനാണെന്നും പിയൂഷ് ഗോയല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച നിവേദനത്തിനു മറുപടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനമാണ് കേന്ദ്രമന്ത്രിയില്‍ നിന്നു ലഭിച്ചതെന്നും വി എസ് അച്യുതാനന്ദന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Next Story

RELATED STORIES

Share it