palakkad local

കോങ്ങാട്: വിജയം തുടരാന്‍ വിജയദാസ്, തിരിച്ചുപിടിക്കാന്‍ പന്തളം സുധാകരന്‍

കെ സനൂപ്

പാലക്കാട്: വേനല്‍ചൂടിലും നിറഞ്ഞുനില്‍ക്കുന്ന തിരഞ്ഞെടുപ്പ് ചൂടില്‍ മുന്നണികള്‍ പ്രചാരണം കൊഴുപ്പിച്ചതോടെ കോങ്ങാട് ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നുള്ള കാര്യം ആര്‍ക്കും പറയാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പോടെ ശ്രീകൃഷ്ണപുരം മണ്ഡലം വിഭജിച്ച് രൂപംകൊണ്ട കോങ്ങാട് മണ്ഡലം ഇത്തവണയും നിലനിര്‍ത്താന്‍ എല്‍ഡിഎഫ് കെ വി വിജയദാസിനെ ഇറക്കിയപ്പോള്‍ മുന്‍മന്ത്രി കൂടിയായ പന്തളം സുധാകരനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് യുഡിഎഫ്.
ഇരുമുന്നണികളുടേയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം തുറന്നുകാട്ടി ബിജെപി സ്ഥാനാര്‍ഥിയായി രേണു സുരേഷും ശക്തമായ മല്‍സരമാണ് കാഴ്ചവയ്ക്കുന്നത്. ഈഴവരുടേയും ഹരിജനങ്ങളുടേയും നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ആ വോട്ടുകള്‍ നേടിയെടുക്കാമെന്നാണ് ബിജെപി-ബിഡിജെഎസ് സഖ്യം കണക്കുകൂട്ടുന്നത്.
അതേസമയം ഈഴവ വോട്ടുകളും മണ്ഡലത്തിലെ 90 ശതമാനത്തോളം വരുന്ന ഗ്രാമീണ മേഖലയിലെ വോട്ടുകളും ഇത്തവണയും തനിക്ക് കിട്ടുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് കെ വി വിജയദാസ്. മണ്ഡലത്തിലുള്ള 7 പഞ്ചായത്തുകളില്‍ ആറിലും ഭരണം ഇടതുപക്ഷമാണ്. എല്‍ഡിഎഫ് ഭരണത്തിലുള്ള കാഞ്ഞിരപ്പുഴ, കാരാകുറിശ്ശി, കരിമ്പ, കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂര്‍, പറളി പഞ്ചായത്തുകളും യുഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ പഞ്ചായത്തുമടങ്ങുന്നതാണ് മണ്ഡലം.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ഏരിയാ സെക്രട്ടറി, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള എലപ്പുള്ളി തേനാരി സ്വദേശിയായ കെ വി വിജയദാസ് അതുകൊണ്ടുതന്നെ ഇത്തവണയും പ്രതീക്ഷ കൈവിടുന്നില്ല.
മൂന്നുതവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായ പന്തളം സുധാകരന്‍ സ്ഥാനാര്‍ഥിയായെത്തിയതോടെ പ്രചരണരംഗത്ത് ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവയ്ക്കുന്നത്. ക്രിസ്ത്യന്‍, മത ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ ഉറപ്പിക്കുന്നതിനൊപ്പം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ നിശ്ചലാവസ്ഥയാണ് പ്രധാനമായും ഉയര്‍ത്തിക്കാണിക്കുന്നത്.
ഇതിന്റെ ആദ്യപടിയായി മണ്ഡലത്തിലെ വിവിധ മേഖലകളിലുള്ള മതമേലധ്യക്ഷന്‍മാരുമായി പന്തളം സുധാകരന്‍ ഇതിനകം കൂടികാഴ്ച നടത്തിയിരുന്നു. മണ്ഡലത്തിലെ അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങളായി കാര്യമായി ഒന്നും ഉയര്‍ത്തിക്കാട്ടാനാവാതെ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും ബിജെപിയുടെ വര്‍ഗീയതയും എല്‍ഡിഎഫ് പ്രചരണായുധമാക്കുമ്പോള്‍ മണ്ഡലത്തിലെ വികസനമില്ലായ്മയാണ് യുഡിഎഫ് പ്രചരണായുധമാക്കുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും അവര്‍ പ്രചാരണായുധമാക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിച്ചുകയറിയ കെ വി വിജയദാസിന്റെ പ്രയാണം തടഞ്ഞ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനാണ് പന്തളം സുധാകരന്റെ ശ്രമം. ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലത്തില്‍ എസ് അജയകുമാറിനെതിരേ മുമ്പ് മല്‍സരിച്ച് പരാജയപ്പെട്ട പന്തളം സുധാകരനെ ഇത്തവണയും തോല്‍പ്പിക്കണമെന്ന വാശിയിലാണ് വിജയദാസും.
Next Story

RELATED STORIES

Share it