Flash News

കോക്ലിയാര്‍ ഇംപ്ലാന്റ് : തുടര്‍ചികില്‍സയ്ക്ക് പദ്ധതി ആരംഭിക്കും- മന്ത്രി



തിരുവനന്തപുരം: കോക്ലിയാര്‍ ഇംപ്ലാന്റ് നടത്തിയവര്‍ക്കുള്ള തുടര്‍ചികില്‍സ ഉറപ്പാക്കാന്‍ ധ്വനി എന്ന പേരില്‍ പദ്ധതി ആരംഭിക്കുമെന്നു മന്ത്രി കെ കെ ശൈലജ അറിയിച്ചു. പ്രാരംഭഘട്ടത്തിനായി ഒന്നേകാല്‍ കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കുട്ടികളിലെ ശ്രവണവൈകല്യങ്ങള്‍ പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയായ കാതോരവും കോക്ലിയാര്‍ ഇംപ്ലാന്റ് നടത്തിയ കുട്ടികളുടെ കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഭിന്നശേഷിയുള്ളവര്‍ക്കായുള്ള അനുയാത്ര പദ്ധതിയുടെ ഭാഗമായി ശ്രവണവൈകല്യം തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച് പ്രതിരോധിക്കുകയും സുസ്ഥിരമായ പുനരധിവാസം നല്‍കുകയും ചെയ്യുന്ന ജീവിതചക്ര സമീപനമാണ് കാതോരം പദ്ധതിയില്‍ സ്വീകരിക്കുന്നത്. നിലവില്‍ 45 സര്‍ക്കാര്‍ പ്രസവ ആശുപത്രികളിലാണ് ശ്രവണവൈകല്യം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയ്ക്കുള്ള ഒഎഇ (ഓട്ടോ അക്യൂസ്റ്റിക് എമിഷന്‍ സ്‌ക്രീനര്‍) മെഷീനുള്ളത്. ഇത് 66 ആശുപത്രികളിലേക്കു വ്യാപിപ്പിക്കും. സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ കേള്‍വി പരിശോധനയ്ക്കു കൂടി 2018 മാര്‍ച്ച് 31ന് മുമ്പ് സൗകര്യം ഉറപ്പാക്കാന്‍ ചര്‍ച്ചകള്‍ നടത്തും. നിലവില്‍ ബ്രെയിന്‍ ഇവോക്ഡ് റെസ്‌പോണ്‍സ് ഓഡിയോമെട്രി (ബെറ) ടെസ്റ്റിനുള്ള സംവിധാനമുള്ള ഒമ്പത് ഇടങ്ങളാണുള്ളത്. അത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓരോ ജില്ലയിലും ഒരു ബെറ പരിശോധനയ്ക്കുള്ള സംവിധാനമൊരുക്കും. 2018 മാര്‍ച്ചിന് മുമ്പ് ഇതും യാഥാര്‍ഥ്യമാക്കും. എല്ലാ ജില്ലകളിലും ഡിസ്ട്രിക്റ്റ് എയര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മൂന്നേകാല്‍ കോടി രൂപ ഓരോ സെന്ററിനും അനുവദിച്ചിട്ടുണ്ട്. കാതോരം പദ്ധതിപ്രകാരം കുഞ്ഞ് ജനിച്ചതുമുതല്‍ പരിശോധന ആരംഭിക്കുന്നുണ്ട്. ഒന്ന്, മൂന്ന്, ആറ്, 18, 42 മാസങ്ങളില്‍ ചെയ്യേണ്ട പരിശോധനകളും ക്രമീകരണങ്ങളുമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്. ആവശ്യമുള്ളവര്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റ് സൗകര്യം ലഭ്യമാക്കും.  കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്തവര്‍ക്ക് തുടര്‍പരിചരണത്തിനായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നതിന്റെ പണിപ്പുരയിലാണെന്നും മന്ത്രി അറിയിച്ചു. ഇംപ്ലാന്റ് നടത്തിയതിന്റെ വാറന്റി കാലാവധി നാലു വര്‍ഷമാണ്. എന്നാല്‍, ആദ്യമായി രണ്ടുവര്‍ഷം കൂടി വാറന്റി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാതോരം പദ്ധതിക്കായി രൂപപ്പെടുത്തിയ യൂനിവേഴ്‌സല്‍ ഹിയറിങ് സ്‌കീം പ്രോഗ്രാം സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം ഗ്ലോബല്‍ ഹിയറിങ് അംബാസഡറും ആസ്‌ത്രേലിയന്‍ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ ബ്രെറ്റ്‌ലീ നിര്‍വഹിച്ചു. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ആദ്യമായി കോക്ലിയാര്‍ ഇംപ്ലാന്റ് നടത്തിയ ഫിദാ ഫെബിന്‍ എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനി പരിപാടിയുടെ അവതാരകയായി എത്തിയത് കൗതുകമായി. കോക്ലിയാര്‍ ഇംപ്ലാന്റ് നടത്തിയ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും ഏറെ ശ്രദ്ധ നേടി.
Next Story

RELATED STORIES

Share it