kozhikode local

കോംട്രസ്റ്റ് ഏറ്റെടുക്കല്‍ നടപടി വൈകുന്നു

പി അംബിക
കോഴിക്കോട്: കോംട്രസ്റ്റ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മാത്രമാണ് ഇപ്പോള്‍ ഏക തടസ്സമെന്ന് തൊഴിലാളികള്‍. സംയുക്ത സമരസമിതി നേതാക്കള്‍ വ്യവസായ മന്ത്രി എ സി മൊയ്തീനെ കാണുന്നതിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സമയം അനുവദിച്ചുകിട്ടിയിട്ടില്ല. അതുപോലെ എല്ലാ പ്രശ്‌നങ്ങളിലും വളരെ കാര്യക്ഷമമായി തന്നെ ഇടപെടുന്ന തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന അനാസ്ഥയും ശ്രദ്ധേയമാണ്. ഭൂമാഫിയകള്‍ക്ക് കോംട്രസ്റ്റ് ഭൂമി വിറ്റഴിക്കാനുള്ള മാനേജ്—മെന്റ് തീരുമാനത്തിനെതിരേയാണ് 1999ല്‍ സേവ് കോംട്രസ്റ്റ്് സമിതി രൂപീകരിച്ച് തൊഴിലാളികള്‍ പ്രക്ഷോഭം തുടങ്ങുന്നത്.
രണ്ടു പതിറ്റാണ്ട് നീണ്ട സമരത്തിനൊടുവിലാണ് സമരം വിജയംകണ്ടത്. 2012 ജൂലൈ 25നായിരുന്നു നിയമസഭ കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ബില്‍ ഏകകണ്ഠമായി പാസ്സാക്കിയത്. എന്നാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ ആറു വര്‍ഷം വേണ്ടിവന്നു. 2018 ഫെബ്രുവരി 20ന് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതാണ്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ വ്യവസായ സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇത്രകാലമായിട്ടും സ്വീകരിച്ചിട്ടില്ലെന്നതാണ് തൊഴിലാളികളെ വിഷമിത്തിലാക്കുന്നത്. സ്ഥലത്തിന് വില തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങളാണ് അനിശ്ചിതമായി വൈകുന്നത്. കമ്പനി ഏറ്റെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.
ഇതിനിടയില്‍ സിപിഎം നേതാക്കള്‍ രൂപീകരിച്ച ടൂറിസം സൊസൈറ്റിക്ക് 45 സെന്റ് ഭൂമി 4.61 കോടി രൂപയ്ക്ക് മാനേജ്—മെന്റ് വിറ്റിരുന്നു. 1.46 ഏക്കര്‍ ഭൂമി 24 കോടി രൂപയ്ക്ക് പ്യൂമിസ് പ്രൊജക്ട്—സ് ആന്റ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ പി മുഹമ്മദലിക്കും വിറ്റു്.
കോംട്രസ്റ്റും പ്യൂമിസും സംയുക്ത സംരംഭം തുടങ്ങുന്നതിനെന്നു പറഞ്ഞാണ് ഭൂമി വിറ്റത്. ഈ സ്ഥാപനമാണ് ഏറ്റെടുക്കല്‍ നടപടി തടസ്സപ്പെടുത്തുന്നതിനെതിരേ കോടതി സ്്‌റ്റേ നേടിയിരിക്കുന്നത്. ഈ കേസില്‍ സംയുക്ത സമരസമിതി കക്ഷിചേര്‍ന്നിട്ടുണ്ട്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ 1.55 ഹെക്ടര്‍ സ്ഥലമാണ് സംസ്ഥാന വ്യവസായ കോര്‍പറേഷന്‍ ഏറ്റെടുക്കേണ്ടത്.
ബില്ലിലെ വ്യവസ്ഥ അനുസരിച്ച് ഇതുവരെ വിറ്റ എല്ലാ സ്ഥലങ്ങളും തിരിച്ചെടുക്കണം. എന്നാല്‍ ഈ തീരുമാനം നടപ്പാവാതിരിക്കാന്‍ രാഷ്ട്രീയ-ഭൂമാഫിയ കൂട്ടുകെട്ട് അണിയറ നീക്കം നടത്തുന്നുണ്ടെന്ന് തൊഴിലാളികള്‍ ഉറച്ചുവിശ്വസിക്കുന്നു. ഇതില്‍ യാഥാര്‍ഥ്യമുണ്ടെന്ന് കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
Next Story

RELATED STORIES

Share it