കോംട്രസ്റ്റിന് വീണ്ടും ജീവന്‍വയ്ക്കുന്നു

തിരുവനന്തപുരം: അടച്ചുപൂട്ടിയ കോഴിക്കോട് കോമണ്‍വെല്‍ത്ത് കമ്പനി (കോംട്രസ്റ്റ്)ക്ക് വീണ്ടും ജീവന്‍വയ്ക്കുന്നു. കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
വിജ്ഞാപനം ഇറങ്ങിയാലുടന്‍ കമ്പനി ഏറ്റെടുക്കലും പുനരുദ്ധാരണവും വേഗത്തിലാക്കാനാണു സര്‍ക്കാര്‍ ശ്രമം. എട്ടു വര്‍ഷമായി സ്ഥാപനത്തിലെ തൊഴിലാളികളും സര്‍ക്കാരും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് കമ്പനിക്ക് പുതുജീവന്‍ ലഭിക്കുന്നത്.
കമ്പനി ഏറ്റെടുക്കുന്നതിനുള്ള ബില്ല് അംഗീകരിച്ച് ഫെബ്രുവരി ഒന്നിനു രാഷ്ട്രപതി ഗവര്‍ണര്‍ക്ക് ഉത്തരവ് കൈമാറിയിരുന്നു. കഴിഞ്ഞ 15ന് ഉത്തരവ് നിയമവകുപ്പിനു രാജ്ഭവന്‍ കൈമാറി. തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ഏറ്റെടുക്കല്‍ നടപടി സ്വീകരിക്കുന്നതു വ്യവസായ വകുപ്പാണ്. കെഎസ്‌ഐഡിസിയാണ് കമ്പനി ഏറ്റെടുക്കുക. ഇതിനായി മാനേജ്‌മെന്റ് വിറ്റ സ്ഥലങ്ങള്‍ മടക്കിവാങ്ങണം. കമ്പനി നിലനിന്നിരുന്ന 1.23 ഏക്കറും മറ്റൊരു 40 സെന്റും മാനേജ്‌മെന്റ് വിറ്റിട്ടുണ്ട്. കൂടാതെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലവും കമ്പനിയുടേതായിട്ടുണ്ട്. വിറ്റ സ്ഥലം തിരികെവാങ്ങാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനാണു തീരുമാനം. ഈ നടപടികളുടെ ഗതി അനുസരിച്ചായിരിക്കും കമ്പനിയുടെ പുനരുദ്ധാരണം.
ഒരു കാലത്ത് മികച്ച വസ്ത്രനിര്‍മാണ ശാലയായിരുന്നു കോംട്രസ്റ്റ്. പിന്നീട് തകര്‍ന്ന കമ്പനി 2009ലാണു പൂട്ടിയത്. ഇതോടെ ജീവനക്കാരില്‍ 192 പേര്‍ ആനുകൂല്യങ്ങള്‍ വാങ്ങി പിരിഞ്ഞുപോയി. ബാക്കിയുള്ള 108 തൊഴിലാളികളുടെ  ശ്രമങ്ങളാണു കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലേക്ക് എത്തിച്ചത്.
Next Story

RELATED STORIES

Share it