കോംകാസ കരാറില്‍ ഇന്ത്യയും യുഎസും ഒപ്പുവച്ചു

ന്യൂഡല്‍ഹി: പ്രഥമ ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തന്ത്രപ്രധാനമായ സമ്പൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാറില്‍ (കോംകാസ) ഒപ്പുവച്ചു. ഇരുരാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സുരക്ഷിതമായി വിവര കൈമാറ്റം നടത്തുന്നതിനുള്ള കരാറാണിത്.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, യുഎസ് വിദേശകാര്യ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവര്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്. ഇതോടെ ഇന്ത്യക്ക് യുഎസില്‍ നിന്ന് നിര്‍ണായകമായ പ്രതിരോധ സാങ്കേതികവിദ്യയും ആയുധങ്ങളും ലഭ്യമാവും.
കരാറില്‍ ഒപ്പിടുന്നതോടെ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ നിന്ന് ഇന്ത്യക്ക് ഇളവു ലഭിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതുയുഗം പിറ െന്നന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് കരാറിനോട് പ്രതികരിച്ചത്. പ്രതിരോധം, വാണിജ്യം, എച്ച്1 ബി വിസ, സഹകരണം തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചയില്‍ കടന്നുവന്നു. ഇന്ത്യക്ക് എന്‍എസ്ജി പ്രവേശനം ലഭിക്കുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ട്രംപിന്റെ അഫ്ഗാന്‍ നയം ഇന്ത്യ അംഗീകരിക്കും. 2019ല്‍ ഇന്ത്യ-അമേരിക്ക സംയുക്ത സൈനികാഭ്യാസം നടത്തും തുടങ്ങിയവ ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങളാണ്.
പ്രതിരോധമന്ത്രിയുടെ ഓഫിസും യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ഓഫിസും തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

Next Story

RELATED STORIES

Share it