കൊള്ളയടിക്കാനുള്ള സുവര്‍ണാവസരം

വായനക്കാര്‍ എഴുതുന്നു

കേരളത്തില്‍ ഏതെങ്കിലും രാഷ്ട്രീയനേതാവോ ഉദ്യോഗസ്ഥരോ അഴിമതി നടത്തിയതായി വാര്‍ത്ത വന്നാല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ അഴിമതിക്കാരന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവരുമായിരുന്നു. അത്തരം സമരങ്ങള്‍ കാരണമായി സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ട നിരവധി രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ അഴിമതി മാന്യതയുടെയും സാമര്‍ഥ്യത്തിന്റെയും കാര്യക്ഷമതയുടെയും മുഖമുദ്രയായി മാറിക്കഴിഞ്ഞിരിക്കുന്നു. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ഭരണകര്‍ത്താക്കള്‍ ഇന്നു കാണുന്നത് ശത്രുക്കളെപ്പോലെയാണ്.

സര്‍ക്കാരിന് വേണ്ടപ്പെട്ടവന്റെ ഭാഗത്തുനിന്നുണ്ടായ വൈദ്യുതിമോഷണം പിടിക്കപ്പെട്ടതിനാലാണ് ഋഷിരാജ് സിങിന് സ്ഥാനചലനമുണ്ടായത്. ഫഌറ്റ് ലോബിയുടെ നിയമലംഘനം കണ്ടെത്തി നടപടികള്‍ സ്വീകരിച്ചതിനാണ് ജേക്കബ് തോമസിന് ഫയര്‍ഫോഴ്‌സില്‍നിന്നു മാറേണ്ടിവന്നത്. അഴിമതിക്കാര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചുകൊണ്ട് സര്‍ക്കാരിനെ പ്രയാസപ്പെടുത്താന്‍ ഇടയില്ലെന്നു കരുതിയാവാം ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡിന്റെ മാനേജിങ് ഡയറക്ടറായി ഉമ്മന്‍ചാണ്ടി നിയമിച്ചത്. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിലെ അഴിമതികളെക്കുറിച്ച് അന്വേഷിച്ച് ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ റിപോര്‍ട്ട് നല്‍കാന്‍ അദ്ദേഹം തയ്യാറായി.

അക്കാരണത്താല്‍ തന്നെ അദ്ദേഹത്തിനും സ്ഥാനചലനമുണ്ടായി. ഇക്കഴിഞ്ഞ വിഷു, ഓണം, പെരുന്നാള്‍ സീസണുകളില്‍ കണ്‍സ്യൂമര്‍ഫെഡിന് വിപണിയില്‍ ഇടപെടാന്‍ സാധിക്കാതെ വന്നത് മുന്‍വര്‍ഷങ്ങളില്‍ വാങ്ങിയ ഭക്ഷ്യവസ്തുക്കളുടെ പണം കൊടുത്തുതീര്‍ക്കാത്തതുമൂലമാണ്. അതിനിടെയാണ് ബോര്‍ഡ് പ്രസിഡന്റിന്റെ കാര്‍മികത്വത്തില്‍ 50 കോടി രൂപയിലധികം രൂപ കൊള്ളയടിക്കപ്പെട്ടത്. അയാളെ മാറ്റണമെന്നാവശ്യപ്പെട്ടത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെയായിരുന്നു. എന്നാല്‍, സുധീരനെ തള്ളിപ്പറഞ്ഞ് അഴിമതിക്കാരനായ ജോയി തോമസിനെ ചുമക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കും ആദര്‍ശധീരരായ രാഷ്ട്രീയക്കാര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ ഇടം നഷ്ടപ്പെട്ടുകഴിഞ്ഞതിനാല്‍ പൊതുപണം അഴിമതിക്കാര്‍ക്ക് നിര്‍ഭയം കൊള്ളയടിക്കാനുള്ള അവസരമാണ് ഉണ്ടായിട്ടുള്ളത്.

കെ എം സലീം പത്തനാപുരം

നോട്ട ഇത്തവണയും വേണംപഞ്ചായത്ത്, നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കിയ നടപടി പൗരാവകാശലംഘനമാണ്.കമ്മീഷന്റെ പ്രവര്‍ത്തനം സ്വതന്ത്രമാണെന്ന് പഞ്ചായത്തീരാജ് നിയമത്തിലെ 141ാം വകുപ്പ് വ്യവസ്ഥചെയ്യുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ പൊതുതത്ത്വം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനും ബാധകമാണ്. പൊതുജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ട സ്ഥാപിതതാല്‍പ്പര്യക്കാരെ ഒഴിവാക്കാന്‍ പൗരന് നല്‍കിയ പൗരാവകാശമാണെന്ന് കോടതി പ്രഖ്യാപിച്ചതാണ് നോട്ട. ഇത് ദേശീയ തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി നടപ്പില്‍ വരുത്തിവരുന്നു.

മുണ്ടേല പി ബഷീര്‍ തിരുവനന്തപുരം
Next Story

RELATED STORIES

Share it