കൊളീജിയമല്ല പരിഹാരമാര്‍ഗം

കെ പി മുഹമ്മദ് ശരീഫ്

സുപ്രിംകോടതിയിലേക്കും ഹൈക്കോടതികളിലേക്കുമുള്ള നിയമനങ്ങള്‍ കൊളീജിയം വഴി കൈയടക്കിവച്ചിരിക്കുന്ന സുപ്രിംകോടതി റിക്രൂട്ട്‌മെന്റ് സുതാര്യമാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നു ഗവണ്‍മെന്റിനോട് നിര്‍ദേശിച്ചിരിക്കുന്നു. ഭരണഘടനയുടെ 99ാം ഭേദഗതിയിലൂടെ നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍ സ്ഥാപിക്കാനുള്ള പാര്‍ലമെന്റ് നടപടിയാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് റദ്ദാക്കി പഴയ കൊളീജിയത്തിലേക്ക് അതിവേഗം തിരിച്ചുപോയത്. ഒരു പതിനൊന്നംഗ ബെഞ്ച് വേണമെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം കോടതി തിരസ്‌കരിക്കുകയായിരുന്നു.
ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍ സുപ്രിംകോടതിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന ഒന്നായിരുന്നില്ല. കാരണം, ചീഫ്ജസ്റ്റിസും രണ്ടു മുതിര്‍ന്ന ജസ്റ്റിസുമാരും അതില്‍ അംഗങ്ങളാണ്. കമ്മീഷനിലെ രണ്ടു പ്രഗല്‍ഭ പൗരന്‍മാരെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ്ജസ്റ്റിസുമാണ് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. എന്നാല്‍, അതൊന്നും ബഹുമാനപ്പെട്ട കോടതിയെ തൃപ്തിപ്പെടുത്തിയില്ല.
സ്വയം തിരഞ്ഞെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയിലൂടെ ഉയര്‍ന്ന നീതിപീഠത്തിലെത്തിയ ന്യായാധിപരാണ് ലോക്‌സഭയും രാജ്യസഭയും 20 നിയമസഭകളും എതിര്‍പ്പില്ലാതെ പാസാക്കിയ ജുഡീഷ്യറിയുടെ സുതാര്യതയ്ക്കും ജനകീയവല്‍ക്കരണത്തിനും തുടക്കം കുറിക്കാന്‍ സാധ്യതയുള്ള ഒരു സംവിധാനത്തെ പുറത്തേക്കെറിയുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സുപ്രിംകോടതി തീരുമാനത്തെ തിരഞ്ഞെടുക്കപ്പെടാത്തവരുടെ ദുര്‍ഭരണം എന്ന് അടയാളപ്പെടുത്തിയത് വെറുതെയല്ല. സുപ്രിംകോടതി ജഡ്ജിമാരെ നിയമിക്കുന്നതിനു രാഷ്ട്രപതി ചീഫ്ജസ്റ്റിസുമായി ആലോചിക്കണമെന്നു ഭരണഘടന നിര്‍ദേശിക്കുന്നു. കണ്‍സള്‍ട്ട് എന്നാണ് ഇംഗ്ലീഷില്‍. 1993ലെ ഒരു വിധിയില്‍ സുപ്രിംകോടതി കണ്‍സള്‍ട്ടിങിന്റെ അര്‍ഥം യോജിക്കണം എന്നാക്കി. കണ്‍കര്‍ എന്നാണ് ഇംഗ്ലീഷ്. പിന്നെയാണ് കൊളീജിയം വന്നത്. എന്നാല്‍, അതില്‍ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ കണ്‍കറന്‍സ് വേണ്ടെന്നും വെറുതെ കണ്‍സള്‍ട്ട് ചെയ്താല്‍ മതിയെന്നും സുപ്രിംകോടതി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ആ വിധി പ്രകാരം സുപ്രിംകോടതി നിയമനത്തിനു നല്‍കുന്ന പാനല്‍ ഒരു പ്രാവശ്യം സര്‍ക്കാരിനു തിരിച്ചയക്കാം; പിന്നെ അംഗീകരിച്ചേ മതിയാവൂ.
അതീവ രഹസ്യവും സുതാര്യതയില്ലാത്തതുമായിരുന്നു കൊളീജിയത്തിന്റെ പ്രവര്‍ത്തനം. ഒരു പഴയ ലത്തീന്‍ പദത്തിന്റെ ഉപയോഗത്തില്‍ തന്നെ അതു വ്യക്തമാണ്. ആരെ എന്തിനു യോഗ്യരാക്കി, ആരെ എന്തിന് അയോഗ്യരാക്കി എന്ന രാജ്യത്തിന് അറിയാത്ത സംവിധാനം. ബാര്‍ കൗണ്‍സിലിനെയും അസോസിയേഷനുകളെയും സുപ്രിംകോടതി പടിക്കു പുറത്തു നിര്‍ത്തി. ഇടയ്ക്കിടെ കോടതിയുടെ കേവല സ്വാതന്ത്ര്യം എന്ന വിശദീകരണം വന്നുകൊണ്ടിരുന്നു. ജഡ്ജിയാവാന്‍ പൂതിയുള്ളവരൊക്കെ ഒന്നും മിണ്ടിയില്ല. 1993ല്‍ കൊളീജിയം സ്ഥാപിക്കുന്ന വിധി പ്രസ്താവിച്ച ഒമ്പതംഗ ബെഞ്ചിന്റെ തലവനായ ജസ്റ്റിസ് ജെ എസ് വര്‍മ വരെ തന്റെ തീരുമാനത്തില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചു. ജുഡീഷ്യല്‍ കമ്മീഷനെതിരായി ഒരുകൂട്ടം വക്കീലന്മാര്‍ കോടതിയില്‍ പോയെങ്കിലും പ്രമുഖ ബാര്‍ അസോസിയേഷനുകള്‍ അതിനെ അനുകൂലിക്കുകയായിരുന്നു.
യഥാര്‍ഥത്തില്‍ ഭരണഘടന സുപ്രിംകോടതിക്ക് പരമാധികാരം നല്‍കുന്നുവെന്നു പറയുന്നത് ശരിയല്ല. മിക്കവാറും എല്ലാ ജനാധിപത്യ രാജ്യങ്ങളിലും കോടതികളല്ല ന്യായാധിപ നിയമനം നടത്തുന്നത്. ബ്രിട്ടനില്‍ പതിനഞ്ചംഗ ജുഡീഷ്യല്‍ കമ്മീഷനുണ്ട്. അമേരിക്കയില്‍ സെനറ്റിനു മുമ്പില്‍ ഹാജരായി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചോദ്യോത്തര പരിപാടിക്കു ശേഷമേ സുപ്രിംകോടതിയില്‍ ജഡ്ജിയാവാനൊക്കൂ. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ കോടതികളെ നിരീക്ഷിക്കുന്ന ഓംബുഡ്‌സ്മാനുണ്ട്. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യമെന്നത് വിധി പ്രസ്താവിക്കുന്നതിലുള്ള സ്വാതന്ത്ര്യമാണ്. കഴിഞ്ഞ 20 വര്‍ഷത്തെ കൊളീജിയം പ്രവര്‍ത്തനം പരിശോധിച്ചാല്‍ ന്യായാധിപന്മാര്‍ കൈയടക്കിവച്ച അധികാരം അനുചിതവും ജനാധിപത്യ വ്യവസ്ഥയ്ക്ക് അനനുയോജ്യവുമാണെന്നു വ്യക്തമാവും.
സുപ്രിംകോടതി-ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഇപ്പോള്‍ തന്നെ ഭരണഘടന വലിയ സംരക്ഷണം നല്‍കുന്നു. പാര്‍ലമെന്റിലെ ഇംപീച്ച്‌മെന്റിലൂടെ മാത്രമേ അവരെ പുറത്താക്കാന്‍ പറ്റൂ. 1980ല്‍ ഹൈക്കോടതിയിലേക്കും ഔദ്യോഗിക വസതിയിലേക്കും സാധനങ്ങള്‍ വാങ്ങിയതില്‍ ജ. രാമസ്വാമി വന്‍ അഴിമതി നടത്തിയതായി കണക്കുപരിശോധനയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിനെതിരേ മതിയായ തെളിവുകളും രേഖകളും ലഭ്യമായിരുന്നു. ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശരിയായിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. എന്നിട്ടും സര്‍വീസില്‍ നിന്നു പുറത്താക്കുന്നതില്‍ നിന്നും ഇംപീച്ച്‌മെന്റ് നടപടിയില്‍ നിന്നും ജ. രാമസ്വാമി രക്ഷപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിനു ശേഷം അഴിമതിയാരോപണവിധേയരായ ജഡ്ജിമാരെ ഇംപീച്ച്‌മെന്റ് നടപടിയിലൂടെ പുറത്താക്കാന്‍ കഴിഞ്ഞിട്ടില്ല. ഭരണഘടന അനുശാസിക്കുന്ന ഇംപീച്ച്‌മെന്റ് നടപടി നിലവിലുള്ള സാഹചര്യത്തില്‍ ദുഷ്‌കരവും അപ്രായോഗികവുമാണ്. 100ല്‍ കവിയാത്ത ലോക്‌സഭാ മെംബര്‍മാരും 50ല്‍ കുറയാത്ത രാജ്യസഭാ അംഗങ്ങളും ജഡ്ജിമാര്‍ക്കെതിരേ ഇംപീച്ച്‌മെന്റിനായി ഒപ്പിട്ടുനല്‍കുന്ന പരാതിക്കു പാര്‍ലമെന്റിലെ ഇരുസഭകളിലെയും മൊത്തം അംഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ജഡ്ജിമാരെ ഇംപീച്ച്‌മെന്റ് ചെയ്യാനുതകുന്ന ഭരണഘടനാ വകുപ്പ് ജഡ്ജിമാരുടെ അക്രമത്തെയും അത്യാചാരത്തെയും പ്രതിരോധിക്കാന്‍ കഴിയാത്ത നോക്കുകുത്തിയാണ്.
മറ്റു ഭരണഘടനാ സ്ഥാപനങ്ങളെ അപേക്ഷിച്ച് നിലവില്‍ ജുഡീഷ്യറി അസൂയാവഹമായ സുരക്ഷിതവലയത്തിലാണ് കഴിയുന്നത്. ജഡ്ജിമാരുടെ അഴിമതി, വര്‍ഗീയത, സ്വജനപക്ഷപാതം തുടങ്ങിയ ദുശ്ശീലങ്ങള്‍ക്കു മൂക്കുകയറിടാന്‍ ഉദ്ദേശിച്ചാണ് ജഡ്ജസ് എന്‍ക്വയറി നിയമം ഭേദഗതി ചെയ്യാനും നാഷനല്‍ ജുഡീഷ്യല്‍ കൗണ്‍സിലിനു രൂപം കൊടുക്കാനും 2007ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പക്ഷേ, ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റിക്കു വേണ്ടിയുള്ള ശ്രമങ്ങളെല്ലാം ഏട്ടിലൊതുങ്ങി.
ജുഡീഷ്യറിയില്‍ പൊതുസമൂഹത്തിനു വിശ്വാസം ആര്‍ജിച്ചെടുക്കാനുള്ള ഭരണഘടനാ വീക്ഷണമാണ് ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി. ആരോടെങ്കിലും തങ്ങളുടെ നടപടിക്കു വിശദീകരണം ബോധിപ്പിക്കണമെന്നത് ഓരോ ഭരണഘടനാ സ്ഥാപനത്തിന്റെയും ബാധ്യതയാണ്. അതാണ് അക്കൗണ്ടബിലിറ്റി. ജനാധിപത്യ വ്യവസ്ഥിതിയില്‍ എക്‌സിക്യൂട്ടീവിന്റെ നിയമവിരുദ്ധവും ധിക്കാരപരവുമായ അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനാണ് കോടതി. ന്യായാധിപന്‍ നിയമത്തോടും ഭരണഘടനയോടും മനസ്സാക്ഷിയോടും ബാധ്യതപ്പെട്ടിട്ടുള്ള വ്യക്തിയാണ്. നിഷ്പക്ഷ വിധിയിലൂടെയും അച്ചടക്കമുള്ള പ്രവൃത്തിയിലൂടെയും പൊതുസമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കുകയെന്നതു ജഡ്ജിമാരുടെ പ്രാഥമികമായ കടമയാണ്. കോടതി ഭരണഘടനയല്ല, ഭരണഘടനാ സംരക്ഷണമാണ്.
നീതിന്യായവ്യവസ്ഥിതിയില്‍ നീതിയുടെ ഗുണമേന്മ ജഡ്ജിയുടെ സ്വഭാവവും പെരുമാറ്റവും സത്യസന്ധതയും നിഷ്പക്ഷതയും പരിചയസമ്പന്നതയും വീക്ഷണവും അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. പൗരന്മാര്‍ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക യാഥാര്‍ഥ്യങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയും യഥാസമയങ്ങളിലുള്ള മതിയായ ഇടപെടലുകളും ജുഡീഷ്യറിയില്‍ നിന്നു പ്രതീക്ഷിക്കുന്നു. അപ്പോള്‍ മാത്രമാണ് ജുഡീഷ്യറി സ്വതന്ത്രവും ഉത്തരവാദിത്തബോധമുള്ളതുമാവുന്നത്. നീതിനിര്‍വഹണം സുതാര്യവും നിര്‍മലവുമാവാന്‍ അതു നിര്‍ബന്ധവുമാണ്.
ജുഡീഷ്യല്‍ സുതാര്യതയെയും അക്കൗണ്ടബിലിറ്റിയെയും പിടിച്ചുലയ്ക്കുന്ന ദുഷ്പ്രവണതകള്‍ ജഡ്ജിമാരില്‍ നിന്നുണ്ടാകുന്നു. തിരുത്തല്‍ നടപടികള്‍ക്കു പകരം സ്വയം വിചാരണ ചെയ്യുകയും സ്വയം വിധി കല്‍പിക്കുകയും സ്വയം സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധമായ തീരുമാനങ്ങളാണ് കോടതികളില്‍ നിന്നുണ്ടാകുന്നത്.
സുപ്രിംകോടതി-ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ ക്രിമിനല്‍-അഴിമതിക്കുറ്റങ്ങളുടെ പേരില്‍ അന്വേഷണം നടത്തണമെങ്കില്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ പാടില്ലെന്നു വീരമണി കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ജഡ്ജിമാരുടെ അഴിമതി, സ്വജനപക്ഷപാതിത്വം തുടങ്ങിയവയെപ്പറ്റി വ്യാപകമായ പരാതിയും തിരിച്ചറിവുമുണ്ടായിട്ടും കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ സിറ്റിങ് ജഡ്ജിമാരില്‍ ഒരാള്‍ക്കെതിരേ പോലും അന്വേഷണം നടത്താന്‍ സാധിച്ചിട്ടില്ല. പോലിസിനു ജഡ്ജിമാര്‍ക്കെതിരേ അന്വേഷണം നടത്തുന്നതിന് അനുവാദം വാങ്ങാനായി ചീഫ്ജസ്റ്റിസിനെ സമീപിക്കാനുള്ള ചങ്കുറപ്പുണ്ടാകുന്നില്ല. കാരണം, ചീഫ്ജസ്റ്റിസിനു മുമ്പാകെ സമര്‍പ്പിക്കാനുള്ള വസ്തുനിഷ്ഠമായ തെളിവുകള്‍ അന്വേഷണം നടത്താതെ കിട്ടില്ല.
ജഡ്ജിമാര്‍ക്കെതിരേയുള്ള പരാതി പരിശോധിക്കാന്‍ 1997ല്‍ കോടതി ഒരു സ്വയം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ധാരാളം പരാതികള്‍ ലഭിച്ചിട്ടും ഫലവത്തായ ഒരന്വേഷണവും ജഡ്ജിമാരുടെ പെരുമാറ്റദൂഷ്യത്തിനെതിരേ നടത്തിയെന്നു പറയാന്‍ പറ്റില്ല. സ്വയം പ്രതിരോധിക്കുന്ന ഒരു വര്‍ഗമായി ന്യായാധിപന്‍മാര്‍ മാറിയെന്ന സംശയം ബലപ്പെടുന്നത് ഇവിടെയാണ്.
വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നു ഫലപ്രദമായി രക്ഷ നേടാനുള്ള ശ്രമത്തിലാണ് ജുഡീഷ്യറി. സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ പരിധിയില്‍ നിന്നു ജുഡീഷ്യറിയെ ഒഴിവാക്കി വിവരാവകാശനിയമ ഭേദഗതിയില്‍ ചേര്‍ക്കണമെന്നു സുപ്രിംകോടതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സുപ്രിംകോടതിയുടെ അരികുപറ്റി പല ഹൈക്കോടതികളും വിവരാവകാശനിയമം നടപ്പാക്കുന്നതിന് അനിവാര്യമായ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടില്ല.
ഭരണപരമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതില്ലെന്ന ചട്ടവും ഡല്‍ഹി ഹൈക്കോടതി ഉണ്ടാക്കിക്കഴിഞ്ഞു. പൊതുപരസ്യം നല്‍കാതെ ക്ലാസ് 3, 4 ജീവനക്കാരെ നിയമിച്ചതിന്റെ വിവരം നല്‍കാന്‍ ഈ ചട്ടം ചൂണ്ടിക്കാട്ടി കോടതി വിസമ്മതിച്ചു. ജുഡീഷ്യറിയുടെ ജനവിരുദ്ധ നിലപാടുകളെ ജനകീയ പ്രതിരോധത്തിലൂടെ തടയിടാന്‍ സാധിക്കാതിരിക്കുന്നതു കോടതിയലക്ഷ്യ നിയമം മൂലമാണ്. അങ്ങനെ ജുഡീഷ്യറി ജുഡീഷ്യറി ആര്‍ക്കും സ്പര്‍ശിക്കാന്‍ അനുവാദമില്ലാത്ത വിശുദ്ധ പശുവായി മാറിയിരിക്കുകയാണ്.
അതേയവസരം, എക്‌സിക്യൂട്ടീവ് ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഗൗരവമായി കാണേണ്ടതാണ്. ഇന്ത്യയില്‍ അതിനു തുടക്കമിട്ടത് ഇന്ദിരാ ഗാന്ധിയാണ്. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിരയെ അനുകൂലിക്കുന്ന ന്യായാധിപന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി. കല്‍പന അനുസരിക്കില്ലെന്നു സംശയമുള്ള 56 പേരെ സ്ഥലം മാറ്റാന്‍ നടപടിയെടുത്തു.
ജോലിയില്‍ നിന്നു പിരിയുമ്പോള്‍ വെറുതെ നാടുതെണ്ടി നികുതിപ്പണം ദുര്‍വ്യയം ചെയ്യുന്ന പദവികള്‍ നല്‍കാമെന്നു പറഞ്ഞ് പല ജഡ്ജിമാരെയും സ്വാധീനിക്കുന്നത് എക്‌സിക്യൂട്ടീവിനു ശീലമാണ്. മുന്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് കേരള ഗവര്‍ണറായി നിയമിക്കപ്പെട്ടത് അതിനൊരു ദൃഷ്ടാന്തമായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ബിജെപി നേതാവ് അമിത്ഷായെ ഗുജറാത്തിലെ സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെയും പത്‌നി കൗസര്‍ബിയെയും സഹകാരി തുളസിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തു നിന്നു നീക്കിയത് സദാശിവമാണ്.
ജുഡീഷ്യല്‍ കമ്മീഷനിലെ രണ്ടു പ്രമുഖ വ്യക്തികള്‍ ആരെന്നു നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിനുള്ള പങ്ക് ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണം പ്രസക്തമാണ്. മൊത്തത്തില്‍ കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും നിയമനങ്ങള്‍ പൊതുസമൂഹത്തിന്റെ വിലയിരുത്തലിനു വിധേയമാവാന്‍ സമയം കൊടുത്തും ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.
Next Story

RELATED STORIES

Share it