കൊളീജിയം സംവിധാനം; ജനാധിപത്യത്തിന് അപമാനമെന്ന് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം ജനാധിപത്യത്തിലെ കറുത്ത പുള്ളിയാണെന്നു കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുശ്‌വാഹ.
കൊളീജിയം സംവിധാനത്തിന്റെ സുതാര്യത നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച കേന്ദ്രമന്ത്രി, സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ നിയമനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ, ദലിത് വിഭാഗങ്ങളില്‍ നിന്നു കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാവണമെന്നും പറഞ്ഞു. സുപ്രിംകോടതിയില്‍ ഇപ്പോള്‍ നടക്കുന്ന ജഡ്ജി നിയമനങ്ങള്‍ ജനാധിപത്യരീതിയില്‍ അല്ല നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
കഴിവും യോഗ്യതയുമുള്ള പട്ടികജാതി, പട്ടികവര്‍ഗ, ദലിത് വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ മുമ്പില്‍ ജഡ്ജിമാരുടെ നിയമനത്തിനായുള്ള വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്. ആ വാതിലുകള്‍ തുറന്നിടാനാണു തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബിഹാറില്‍ നിന്നുള്ള എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവ് കൂടിയായ ഉപേന്ദ്ര കുശ്‌വാഹ പറഞ്ഞു.
കൊളീജിയം സംവിധാനത്തിലൂടെയുള്ള ജഡ്ജിമാരുടെ നിയമനത്തില്‍ സ്വജനപക്ഷപാതമാണു നടക്കുന്നത്. ഓരോ ജഡ്ജിമാരും തങ്ങളുടെ പിന്തുടര്‍ച്ചാവകാശികളെ സൃഷ്ടിക്കുകയാണ്. കോളീജിയം സംവിധാനം തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത മറുകായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സംവിധാനത്തില്‍ മാറ്റം വരുത്തി സുതാര്യതയും എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതും കോടതിയുടെ തന്നെ ചുമതലയാണ്. എന്‍ഡിഎ സര്‍ക്കാര്‍ നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍ നിയമം പാസാക്കിയിട്ടും അതു സുപ്രിംകോടതിയുടെ അംഗീകാരം ലഭിക്കാതെ കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഒരു ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായി. മല്‍സ്യബന്ധന സമൂഹത്തില്‍ നിന്നുള്ള ഒരാള്‍ രാഷ്ട്രപതിയുമായി. എന്നാല്‍, നിയമരംഗത്ത് ഇപ്പോഴും പിന്നാക്ക മേഖലയില്‍ നിന്നുള്ളവര്‍ക്ക് അവഗണനയാണെന്നും മന്ത്രി ആരോപിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, ദലിത് വിഭാഗങ്ങളില്‍ നിന്നു വേണ്ടത്ര പ്രാതിനിധ്യമില്ലാത്തതു സുപ്രിംകോടതിയില്‍ ഉള്‍െപ്പടെ കോടതികളില്‍ അവര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. ലോകത്ത് മറ്റൊരിടത്തും സുപ്രിംകോടതി ജഡ്ജിമാരെ അവരുടെ സഹപ്രവര്‍ത്തകര്‍ തന്നെ തിരഞ്ഞെടുക്കുന്ന രീതിയില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it