കൊളീജിയം ശുപാര്‍ശയ്ക്ക് എതിരായ ഹരജി തള്ളി

കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് നിലവിലെയും വിരമിച്ചതുമായ ജഡ്ജിമാരുടെയും അഡ്വക്കറ്റ് ജനറലിന്റെയും ബന്ധുക്കളെ കൊളീജിയം ശുപാര്‍ശ ചെയ്തുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. അഭിഭാഷകരായ വിജു എബ്രഹാം, ജോര്‍ജ് വര്‍ഗീസ്, വി ജി അരുണ്‍, പി ഗോപാല്‍, എസ് രമേശ് എന്നിവരെയടക്കം എതിര്‍കക്ഷികളാക്കി മഹാരാഷ്ട്ര സ്വദേശിയും അഭിഭാഷകനുമായ സി ജെ ജോവ്‌സണ്‍, എറണാകുളം രാജഗിരി സ്വദേശി സാബു എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്.
ഹരജിക്കാരുടെ വാദങ്ങള്‍ നീതിയുക്തമല്ലെന്നും പരിഗണിക്കാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ജഡ്ജിയാവാന്‍ പരിഗണിച്ചു എന്നു പറയപ്പെടുന്നവര്‍ അയോഗ്യരാണെന്ന് ഹരജിക്കാര്‍ തന്നെ വാദിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരുടേയെങ്കിലുമൊക്കെ ബന്ധുവാണ് എന്ന് പറയുന്നത് അയോഗ്യതയല്ല. കൊളീജിയം ശുപാര്‍ശകളില്‍ രാഷ്ട്രപതി ഉത്തരവിറക്കുന്നതു വരെ സ്ഥാനാര്‍ഥികളുമായും മറ്റു നടപടിക്രമങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ല. അപേക്ഷകരുമായി ബന്ധപ്പെട്ട ഒരു വിവരവും പരസ്യപ്പെടുത്തേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് നിയമവിരുദ്ധമല്ല. നിരുത്തരവാദപരവും ക്രൂരവുമായ വാദങ്ങളാണ് ഹരജിക്കാര്‍ ഉന്നയിക്കുന്നതെന്നും കോടതി പറഞ്ഞു. കേട്ട വിവരങ്ങള്‍ സത്യമാണോയെന്നറിയാതെയും നിയമങ്ങളും വസ്തുതകളും പരിശോധിക്കാതെയുമാണ് ഹരജിക്കാര്‍ വാദങ്ങളുന്നയിക്കുന്നത്. ഇവരുടെ ഉദ്ദേശ്യം സത്യസന്ധമല്ല. ബാലിശവും വികൃതവുമായ ഹരജിയാണെന്നു വ്യക്തമാക്കിയാണ് 48 പേജിലുള്ള വിധിയിലൂടെ ഹരജി തള്ളിയത്.
Next Story

RELATED STORIES

Share it