കൊളീജിയം ശുപാര്‍ശകള്‍ വേര്‍തിരിക്കരുതെന്ന് നിയമവിദഗ്ധര്‍

ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം നല്‍കുന്ന ശുപാര്‍ശകള്‍ വേര്‍തിരിക്കുന്നതിനെതിരേ നിയമവിദഗ്ധര്‍. കൊളീജിയം സമര്‍പ്പിച്ച രണ്ടു ശുപാര്‍ശകളില്‍ ഒന്ന് കേന്ദ്രം സ്വീകരിക്കുകയും മറ്റൊന്ന് തടഞ്ഞുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെയും പേരുകളാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. ഇതില്‍ ഇന്ദു മല്‍ഹോത്രയെ നിയമിക്കാന്‍ നിയമമന്ത്രാലയത്തിന് താല്‍പര്യമുണ്ട്. എന്നാല്‍, സീനിയോറിറ്റിയും പ്രാദേശിക പ്രാതിനിധ്യവും അവഗണിച്ചുകൊണ്ടാണ് കൊളീജിയം ജോസഫിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് സര്‍ക്കാര്‍ നിലപാട്.
ജസ്റ്റിസ് ജോസഫിനെ ഉത്തരാഖണ്ഡില്‍ നിന്ന് ആന്ധ്രപ്രദേശിലേക്കു മാറ്റാനുള്ള 2016ലെ കൊളീജിയം ശുപാര്‍ശ കേന്ദ്രം നേരത്തേ തടഞ്ഞുവച്ചിരുന്നു. 2016 ഏപ്രിലില്‍ ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ജസ്റ്റിസ് ജോസഫ് റദ്ദാക്കിയിരുന്നു. കൊളീജിയം ശുപാര്‍ശകള്‍ വേര്‍തിരിക്കാനാവുമോ എന്ന് നിയമവിദഗ്ധരോട് സര്‍ക്കാര്‍ ആരാഞ്ഞിരുന്നു.
കൊളീജിയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ വേര്‍തിരിക്കരുതെന്ന് 2014 ജൂണില്‍ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ കത്തില്‍ ആവശ്യപ്പെട്ട കാര്യം നിയമവിദഗ്ധര്‍ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രിംകോടതിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനെ കേന്ദ്രം എതിര്‍ത്ത സാഹചര്യത്തിലാണ് അന്ന് ജ. ലോധ സര്‍ക്കാരിന് കത്തയച്ചത്. അതേസമയം, സുബ്രഹ്മണ്യം സുപ്രിംകോടതി ജഡ്ജിയാവാനുള്ള സമ്മതം പിന്‍വലിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it