കൊളീജിയം: നികത്താനുള്ളത് 400ല്‍ അധികം ഒഴിവുകള്‍

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: ആറുമാസത്തെ ഇടവേളയ്ക്കു ശേഷം ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനം തിരിച്ചുവരുമ്പോള്‍ നികത്താനുള്ളത് 400ല്‍ അധികം ഒഴിവുകള്‍. എട്ടു സംസ്ഥാനങ്ങളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരടക്കം 400ല്‍ അധികം മുഴുസമയ ജഡ്ജിമാരെ നിയമിക്കുക എന്ന ശ്രമകരമായ ചുമതലയാണ് കൊളീജിയത്തിന്റെ മുമ്പിലുള്ളത്.

കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പക്കലുള്ള കണക്കുപ്രകാരം ഒക്ടോബര്‍ ഒന്നുവരെ 406 ഒഴിവുകളാണു നികത്താനുള്ളത്. രാജ്യത്തെ 24 ഹൈക്കോടതികളിലായി 1017 ജഡ്ജി തസ്തികകളാണു നിലവിലുള്ളത്. ഇതില്‍ 611 ജസ്റ്റിസുമാര്‍ മാത്രമാണ് ഇപ്പോള്‍ ജോലിചെയ്യുന്നത്. ബാക്കി 406 തസ്തികകളും നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. ബോംബെ, ആന്ധ്രപ്രദേശ്- തെലങ്കാന, പഞ്ചാബ്- ഹരിയാന, കര്‍ണാടക, പട്‌ന, രാജസ്ഥാന്‍, ഗുജറാത്ത്, ഗൗഹാത്തി എന്നിവിടങ്ങളില്‍ ആക്ടിങ് ജഡ്ജിമാരാണ് സേവനം അനുഷ്ഠിക്കുന്നത്.

ഇവിടങ്ങളിലെല്ലാം മുഴുസമയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കണം. ജഡ്ജിമാരുടെ നിയമനത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ (എന്‍ജെഎസി) വരുന്നതിന് മുമ്പുണ്ടായിരുന്ന അഞ്ചംഗ ജഡ്ജിമാരുടെ പാനലായ കൊളീജിയം 120 ജഡ്ജിമാരെ നിയമിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 13ന് എന്‍ജെഎസി ആക്ടും ഭരണഘടനയുടെ 99ാം ആക്ടും ഭേദഗതി വരുത്തി ദേശീയ ജുഡിഷ്യല്‍ നിയമന കമ്മീഷന്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍, എന്‍ജെഎസി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചതോടെ കൊളീജിയം മുമ്പ് ശുപാര്‍ശ ചെയ്ത 120 ജ്ഡ്ജിമാരുടെ നിയമനങ്ങള്‍ സര്‍ക്കാരിന് നടത്തേണ്ടി വരും. മേഘാലയ, സിക്കിം, ത്രിപുര ഒഴികെയുള്ള ബാക്കി 21 ഹൈക്കോടതികളിലും ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനുണ്ട്.

ഒക്ടോബര്‍ ഒന്നുവരെയുള്ള കണക്കുപ്രകാരം അലഹാബാദ് ഹൈക്കോടതിയില്‍ മാത്രം 85 ജഡ്ജിമാരുടെ ഒഴിവുണ്ടെന്നാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊളീജിയം സംവിധാനമനുസരിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ഏറ്റവും മുതിര്‍ന്ന അഞ്ച് സുപ്രിംകോടതി ജഡ്ജിമാരുടെ പാനലാണ് ഹൈക്കോടതികളിലെയും സുപ്രിംകോടതിലെയും ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ നടത്തുക. എന്നാല്‍, കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനയിലെ 99ാം നിയമ ഭേദഗതി പ്രകാരം ജഡ്ജിമാരുടെ നിയമനത്തില്‍ ജഡ്ജിമാരല്ലാത്തവര്‍ക്കും പങ്കാളിത്തമനുവദിച്ചു. ഈ സംവിധാനം അനുസരിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗ സമിതിയായിരിക്കും ജഡ്ജിമാരുടെ നിയമനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. ചീഫ് ജസ്റ്റിസിനും രണ്ട് മുതിര്‍ന്ന ജസ്റ്റിസുമാര്‍ക്കും പുറമെ കേന്ദ്ര നിയമമന്ത്രി, പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും ചേര്‍ന്നു നിര്‍ദേശിക്കുന്ന രണ്ടു പ്രമുഖ വ്യക്തികള്‍ എന്നിവരാണ് ഇപ്പോള്‍ റദ്ദാക്കിയ എന്‍ജെഎസിയിലെ അംഗങ്ങള്‍. ഇത് ഭരണകൂടത്തിന് ജുഡിഷ്യറിയില്‍ കൈകടത്താന്‍ അവസരം നല്‍കുമെന്നാണ് ആരോപണം.    ം ഒഴിവുകള്‍
Next Story

RELATED STORIES

Share it