കൊളീജിയം അടിമുടി പരിഷ്‌കരിക്കില്ല: സുപ്രിംകോടതി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സമ്പ്രദായത്തില്‍ വലിയ പരിഷ്‌കാരങ്ങള്‍ സാധ്യമല്ലെന്നും കാലാനുസൃതമായ മാറ്റങ്ങളാവാമെന്നും സുപ്രിംകോടതി. കൊളീജിയം സമ്പ്രദായം പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ച ജസ്റ്റീസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുതാര്യതയും ജഡ്ജിമാരുടെ യോഗ്യതയും പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കൊളീജിയത്തില്‍ അടിമുടിയുള്ള പരിഷ്‌കാരങ്ങള്‍ പ്രായോഗികമല്ല. കാലാനുസൃതമായ മാറ്റങ്ങള്‍ ആവാമെന്ന് ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതുജനങ്ങളുടെ പണമാണ് ജഡ്ജിമാര്‍ക്കു വേണ്ടി വിനിയോഗിക്കുന്നതെന്നും അതുകൊണ്ട് ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി വാദിച്ചു.
ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സമ്പ്രദായം സുതാര്യമായിരിക്കണമെന്നും ജഡ്ജിയായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് അതിനുള്ള യോഗ്യതയുണ്ടോയെന്നു വ്യക്തമാക്കപ്പെടണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ഉയര്‍ന്ന കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥാനക്കയറ്റം നല്‍കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനുള്ള ഭരണഘടനാ ഭേദഗതി നിയമം സുപ്രിംകോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. ഇതിനു ശേഷമാണ് കൊളീജിയം സമ്പ്രദായം പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭരണഘടനാ ബെഞ്ച് കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള കക്ഷികളോടു നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ പ്രതീക്ഷിച്ചതിലധികം നിര്‍ദേശങ്ങള്‍ വിവിധ മേഖലകളില്‍ നിന്നു ലഭിച്ചെന്നും അതില്‍ നിന്ന് വേണ്ടതു തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും പരിഷ്‌കാര നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് ബെഞ്ച് വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ നാലു തരത്തില്‍ ക്രോഡീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.
തുടര്‍പ്രവര്‍ത്തനങ്ങളുടെ ചുമതല മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തു, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് എന്നിവര്‍ക്ക് കോടതി കൈമാറി. ജഡ്ജി നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കണം, ഹൈക്കോടതി ജഡ്ജി നിയമനത്തിന് അപേക്ഷ ക്ഷണിക്കണം, പരിഗണിക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കണം, നിയമനത്തിനു മുമ്പ് കൊളീജിയം ബാര്‍ അസോസിയേഷന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it