Flash News

കൊളംബിയ : ഫാര്‍കിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ്സിന്റെ അംഗീകാരം



ബഗൂട്ട: കൊളംബിയയില്‍ ഇടതുപക്ഷ ഗറില്ലാസംഘമായ ഫാര്‍കിന് രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കണമെന്ന നിയമത്തിന് കോണ്‍ഗ്രസ് അംഗീകാരം നല്‍കി. റവല്യൂഷനറി ആമ്ഡ് ഫോഴ്‌സ് ഓഫ് കൊളംബിയ (ഫാര്‍ക്) രാഷ്ട്രീയപ്രവര്‍ത്തനം പുതുക്കല്‍ ബില്ല് രണ്ടിന് എതിരേ 52 വോട്ടുകള്‍ക്കാണ് സെനറ്റ് പാസാക്കിയത്. കഴിഞ്ഞ നവംബറില്‍ പ്രസിഡന്റ് ജുവാന്‍ മാന്വല്‍ സാന്റോസുമായുണ്ടാക്കിയ സമാധാന കരാറിലെ പ്രധാനപ്പെട്ട ഒരു നിബന്ധനയായിരുന്നു ഫാര്‍കിന്റെ രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കല്‍. മുന്‍ ഒളിപ്പോര്‍ സംഘമായ ഫാര്‍ക്കിന് സെനറ്റിലും ഉപരിസഭയായ കോണ്‍ഗ്രസ്സിലും അഞ്ചു സീറ്റുകള്‍ ഉറപ്പ് നല്‍കുന്നതാണ് നിയമം. അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മല്‍സരിക്കാനും സാധിക്കും. കൊളംബിയയിലെ പ്രധാന ഒളിപ്പോര്‍ സംഘമായ ഫാര്‍കിന്റെ നിരായുധീകരണം കഴിഞ്ഞമാസമാണ് പൂര്‍ത്തിയായത്. 7000ത്തോളം ഫാര്‍ക് പോരാളികള്‍ ആയുധംവച്ച് കീഴടങ്ങിയതായി കഴിഞ്ഞ തിങ്കളാഴ്ച പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് നാഷനല്‍ ലിബറേഷന്‍ ആര്‍മി സംഘത്തിന്റെ വിമതപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇഎല്‍എന്നുമായി സമാധാന ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അത് ഫാര്‍ക് വിഷയത്തെക്കാള്‍ പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it