malappuram local

കൊല്‍ക്കത്ത സ്വദേശിയുടെ നല്ല മനസ്സ്‌ : വീണുകിട്ടിയ 40 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും ഉടമയ്ക്ക് തിരിച്ചുനല്‍കി



പൊന്നാനി: ബംഗാളിയുടെ നല്ല മനസ്സില്‍ ഉടമയ്ക്ക് തിരികെ കിട്ടിയത് നഷ്ടപ്പെട്ട 40 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും എടിഎം കാര്‍ഡുകളും. ആളം ദ്വീപിലെ ഒരു വീട്ടില്‍ നിര്‍മാണത്തൊഴിലിന് വന്നതായിരുന്നു കൊല്‍ക്കത്തക്കാരനായ മുനീറുല്‍ ഇസ്്‌ലാം എന്ന യുവാവ്. കഴിഞ്ഞ ദിവസം ആളം പാലത്തിനടുത്തുനിന്നാണ് ഒരു ബാഗ് കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ മാലയും വളയും മറ്റു ആഭരണങ്ങളുമുള്‍പ്പെടെ 40 പവന്‍ സ്വര്‍ണവും ഒരു  ലക്ഷം രൂപയും. പിന്നെ വിവിധ ബാങ്കുകളുടെ കാര്‍ഡുകളും. അര്‍ഹിക്കാത്തത് ലഭിച്ചതിന്റെ ഞെട്ടല്‍ മാറാത്ത മുനീറുല്‍ ഇസ്്‌ലാം ഉടന്‍ തന്നെ തന്റെ യജമാനനായ കാഞ്ഞിരമുക്ക് സ്വദേശിയായ രാജന് സാധനങ്ങളെല്ലാം തിരിച്ചുനല്‍കി .അങ്ങനെ അന്വേഷണം ഉടമയെക്കുറിച്ചായി. ഒടുവില്‍ ആളം ദ്വീപില്‍ തന്നെയുള്ള ഉടമയെ കണ്ടെത്തുകയായിരുന്നു. ഷഹല എന്ന പേരുള്ള യുവതിയുടെയായിരുന്നു നഷ്ടപ്പെട്ട ബാഗ്. നഷ്ടപ്പെട്ട സ്വര്‍ണവും പണവുമോര്‍ത്ത് വാവിട്ടു കരയുകയായിരുന്ന ആ കുടുംബത്തിന് നഷ്ടപ്പെട്ടതല്ലാം സുരക്ഷിതമായി കിട്ടിയെന്ന വാര്‍ത്ത വിവരിക്കാനാവാത്ത സന്തോഷമാണ് നല്‍കിയത്. മുനീറുല്‍ ഇസ്്‌ലാമിന്റെ സാനിധ്യത്തില്‍തന്നെ നഷ്ടപ്പെട്ടതെല്ലാം ഉടമയ്ക്ക് തിരികെ നല്‍കി. നന്ദി സൂചകമായി കുടുംബം   മുനീറുല്‍ ഇസ്്‌ലാമിന് രൂപ നല്‍കിയപ്പോള്‍ തന്റെ നന്മക്ക് വിലയിടാനാവില്ലെന്ന് പറഞ്ഞ് അത് നിരസിച്ചതോടെ ഒരു നാട് മുഴുവന്‍ ആ ഇതരസംസ്ഥാന തൊഴിലാളിയുടെ നല്ല മനസ്സിന് മുന്നില്‍ ശിരസ്‌കുനിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി മുനീറുല്‍ ഇസ്്‌ലാം തന്റെ രണ്ട് സഹോദരനുമൊത്ത് ബിയ്യത്താണ് താമസം. രണ്ട് കുട്ടികളും ഭാര്യയുമുണ്ട് ഇദ്ദേഹത്തിന്. മുനീറുലുന്റെ നല്ല മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നാണ് യജമാനനായ രാജനും കൂടെ ജോലി ചെയ്യുന്നവരും പറയുന്നത്.
Next Story

RELATED STORIES

Share it