കൊല്‍ക്കത്ത പ്ലീനം രാഷ്ട്രീയ തട്ടിപ്പ്

വി എം ഫഹദ്

ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായിക്കഴിഞ്ഞ സാഹചര്യത്തിലാണ് 37 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സിപിഎം പ്ലീനം കൊല്‍ക്കത്തയില്‍ നടന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അഞ്ചിന കര്‍മപരിപാടി പ്രഖ്യാപിച്ചുകൊണ്ടാണ് പ്ലീനം സമാപിച്ചത്. ജനകീയസമരങ്ങള്‍ ഏറ്റെടുക്കുക, മുതലാളിത്ത വ്യവസ്ഥിതിക്കു ബദലായി ഇടത് ഐക്യം ശക്തിപ്പെടുത്തുക, വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കുക, പാര്‍ട്ടിയെ സ്വതന്ത്രമായി ശക്തിപ്പെടുത്തി പുത്തന്‍ ഉണര്‍വേകുക തുടങ്ങിയ പരിപാടികളാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ചത്.
കാതലായ വിഷയങ്ങളൊന്നും കര്‍മപരിപാടിയിലില്ല. ഒരു തെറ്റുതിരുത്തലും നയസമീപനത്തില്‍ വന്നില്ല. പാര്‍ട്ടിക്ക് സ്വാധീനമുള്ള ഏക സംസ്ഥാനമായ കേരളത്തിലെ ജനകീയ സമരങ്ങളില്‍ പാര്‍ട്ടിയെടുക്കുന്ന നിലപാട് വിമര്‍ശനപരമായി വിലയിരുത്തപ്പെട്ടില്ല. കേരളത്തിലെ ഭൂസമര പ്രശ്‌നത്തില്‍ ഒരു വീണ്ടുവിചാരവും നടത്തിയില്ല. പരിസ്ഥിതി പ്രശ്‌നങ്ങളിലോ തോട്ടംതൊഴിലാളികളുടെ പ്രശ്‌നങ്ങളിലോ ആദിവാസികളുടെ ഭൂപ്രശ്‌നത്തിലോ ഒന്നും ഒരു നിലപാടുമാറ്റവും ഉണ്ടായില്ല.
രാജ്യത്തെ രൂക്ഷമായ സാമൂഹിക അസമത്വങ്ങളെ സൂചിപ്പിച്ചുകൊണ്ട് യെച്ചൂരി പറഞ്ഞത്, പുരോഗമനപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ സാമ്പത്തിക സമത്വത്തിനും സാമൂഹിക സമത്വത്തിനും വേണ്ടിയുള്ള പോരാട്ടമായിരിക്കും മുഖ്യഘടകമെന്നാണ്. സാമൂഹിക സമത്വമെന്ന ഘടകം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വീക്ഷണത്തില്‍ പരിചിതമല്ലാത്ത ഒന്നാണ്. സാമ്പത്തികമായ സമത്വത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നതാണല്ലോ മാര്‍ക്‌സിസ്റ്റ് മതം. കമ്മ്യൂണിസം ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുന്നതില്‍ അതു പരാജയപ്പെട്ടെന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ജാതിയിലധിഷ്ഠിതമായ സാമൂഹികവ്യവസ്ഥയെ കണക്കിലെടുക്കാതെ വര്‍ഗബന്ധങ്ങളില്‍ അഭിരമിച്ച് അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുകയായിരുന്നു പാര്‍ട്ടി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കീഴാള ന്യൂനപക്ഷവിഭാഗങ്ങളുടെ കടുത്ത സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെ മുന്‍ഗണനയോടുകൂടി മനസ്സിലാക്കാന്‍ സാധിച്ചില്ല.
ജാതിയെന്ന സാമൂഹിക യാഥാര്‍ഥ്യത്തെ പ്രത്യയശാസ്ത്രപരമായി അംഗീകരിക്കാത്തതുകൊണ്ടാണ് 'സാമ്പത്തിക-സാമൂഹിക' എന്ന മുന്‍ഗണനാക്രമം നല്‍കിയിരിക്കുന്നത്. അപ്പോഴവര്‍ക്ക് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടനാവിരുദ്ധമായി സംവരണത്തിനു വേണ്ടി വാദിക്കാം. ഇവിടെയാണ് പാര്‍ട്ടി നിലപാടുകളിലെ പ്രധാന വൈരുധ്യം. സാമൂഹിക അസമത്വത്തിന്റെ ചരിത്രപരമായ കാരണങ്ങളെ പാര്‍ട്ടി അവഗണിക്കുകയാണ്. അവിടെ വച്ചാണ് ഇടതുപക്ഷവും കീഴാള-പിന്നാക്ക വിഭാഗങ്ങളും തമ്മില്‍ വേര്‍പിരിയുന്നത്. സാമൂഹിക അസമത്വത്തെ ചരിത്രപരമായി സമീപിക്കുകയെന്നാല്‍ ജാതിഭീകരതയെയും അതിന്റെ ഗുണഭോക്താക്കളെയും നേരിടുക എന്നാണര്‍ഥം. അതു വളരെ സമര്‍ഥമായി പാര്‍ട്ടി ഒഴിവാക്കുന്നു.
സാമൂഹിക അസമത്വങ്ങള്‍ക്കെതിരേയുള്ള സമരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട് യെച്ചൂരി പറഞ്ഞത്, രാജ്യത്ത് എവിടെ ദലിതര്‍ക്ക് പൊതുകിണറ്റിലെ ജലം ജാതിവിവേചനത്തിന്റെ പേരില്‍ നിഷേധിക്കപ്പെടുന്നുവോ അവിടെയൊക്കെയും ചെങ്കൊടി ഉയരണമെന്നാണ്. ജനറല്‍ സെക്രട്ടറി ഇതു പറയുമ്പോള്‍ കേരളത്തില്‍ ചിത്രലേഖ എന്ന സ്ത്രീ പാര്‍ട്ടിപ്രവര്‍ത്തകരുടെ ജാതിവിവേചനത്തിനെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്നുണ്ടായിരുന്നു. ചിത്രലേഖ ഒറ്റപ്പെട്ട ഒരു അനുഭവമല്ല. നന്തിഗ്രാമിലും സിംഗൂരിലും പാര്‍ട്ടി പതാകയുടെ ചുവപ്പിന് കര്‍ഷകരുടെ രക്തത്തിന്റെ നിറമുണ്ടായിരുന്നല്ലോ. സാമൂഹിക അനീതിക്കെതിരേയും സാമ്പത്തിക അനീതിക്കെതിരേയുമുള്ള ദ്വിമുഖ പോരാട്ടം വര്‍ഗസമരത്തിന്റെ ഇരട്ടക്കാലുകളാണെന്ന് വിലയിരുത്തിയ പ്ലീനം, പാര്‍ട്ടി ഇപ്പോഴും ഒറ്റക്കാലില്‍ ഊന്നിയാണ് നില്‍ക്കുന്നതെന്ന് അംഗീകരിക്കുന്നില്ല.
പുതിയ പ്രഖ്യാപനം പാര്‍ട്ടിയുടെ നയപരമായ തെറ്റുതിരുത്തലായി കാണാന്‍ കഴിയില്ല. അത് പാര്‍ട്ടിയുടെ അടവുനയത്തിന്റെ ഭാഗമാണ്. സാമൂഹിക അനീതിയെയും അസമത്വത്തെയും താത്വികമായി പാര്‍ട്ടി അംഗീകരിക്കുന്നില്ല. സാമൂഹിക അസമത്വത്തിന്റെ ജാതീയാടിത്തറ പാര്‍ട്ടി വിലയിരുത്തുന്നില്ല. യഥാര്‍ഥത്തില്‍ തിരഞ്ഞെടുപ്പ് പരാജയമാണ് പാര്‍ട്ടിയെ ഇരട്ടക്കാലിനെക്കുറിച്ച് ചിന്തിപ്പിച്ചത്. അല്ലാതെ സാമൂഹിക സ്ഥിതിവിശേഷമല്ല. വര്‍ഗസമരത്തിന്റെ കണ്ണിലൂടെ ഇന്ത്യന്‍ സമൂഹത്തെ നോക്കിക്കാണുകയും അതില്‍ വര്‍ഗാതീതമായ പ്രശ്‌നങ്ങള്‍ക്ക് ഒരിടം നല്‍കി കാതലായ പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുകയുമാണ് പാര്‍ട്ടി. വര്‍ഗമല്ല, ജാതിയാണ് ഇന്ത്യന്‍ സാമൂഹിക പിന്നാക്കാവസ്ഥയുടെ മൂലകാരണം എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ കീഴാള-പിന്നാക്ക സമുദായങ്ങളുടെ സ്വത്വത്തെ നിരാകരിച്ച് പുതിയ വാചകക്കസര്‍ത്ത് നടത്തുകയാണു പാര്‍ട്ടി.
ഔപചാരിക ഇടതുപക്ഷത്തിന് പുറത്താണ് ജനകീയ സമരങ്ങള്‍ ഇന്ത്യയില്‍ അരങ്ങേറുന്നത്. അതുതന്നെ ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ അപ്രസക്തിയെയാണ് വെളിപ്പെടുത്തുന്നത്. ഇടതുപക്ഷത്തില്‍ എന്തെങ്കിലും പ്രതീക്ഷ ഇവിടത്തെ കീഴാള-പിന്നാക്ക ജനവിഭാഗങ്ങള്‍ക്കില്ല. കോണ്‍ഗ്രസ്സില്‍ നിന്ന് വ്യത്യസ്തമായ ഒരു വികസന സങ്കല്‍പവും ഇടതുപക്ഷത്തിന് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
തോട്ടംതൊഴിലാളികളുടെ സമരം നടന്നപ്പോള്‍ ഒരുഭാഗത്ത് അച്യുതാനന്ദന്‍ അവിടെ പോവുകയും മറുഭാഗത്ത് സമരത്തെ പൊളിക്കാന്‍ ശ്രമിക്കുകയുമായിരുന്നു സിപിഎം. ഇതാണ് അടവുനയം. അസംഘടിത തൊഴില്‍മേഖലയെ പാര്‍ട്ടി കണക്കിലെടുത്തിട്ടേയില്ല. പാശ്ചാത്യ മാതൃകയിലുള്ള സംഘടിത തൊഴില്‍ശക്തിയിലാണ് സിപിഎമ്മിന് താല്‍പര്യം. ഒരു വോട്ടുബാങ്ക് കൂടിയായ ഈ ന്യൂനപക്ഷ സംഘടിതമേഖലയെ മാത്രമാണ് സിപിഎം തൊഴിലാളിവര്‍ഗമായി അംഗീകരിച്ചത്.
കീഴാള-ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളെ അനുഭാവപൂര്‍വം കണ്ട് അതിനെ പിന്തുണയ്ക്കുകയല്ല പാര്‍ട്ടി ചെയ്തിട്ടുള്ളത്, പകരം തങ്ങള്‍ക്ക് രാഷ്ട്രീയമായി നഷ്ടമുണ്ടാക്കുമെന്ന ഭയത്താല്‍ അത്തരം മുന്നേറ്റങ്ങളെ വര്‍ഗീയ-തീവ്രവാദ ലേബല്‍ ചാര്‍ത്തി ഇല്ലാതാക്കാനാണ് പാര്‍ട്ടി ശ്രമിച്ചിട്ടുള്ളത്. ഒരുകാലത്ത് ഇടതുമുന്നണിയില്‍ ഉണ്ടായിരുന്ന മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായും ദലിത് സംഘടനയായ ഡിഎച്ച്ആര്‍എമ്മിനെ തീവ്രവാദസംഘമായും പാര്‍ട്ടി പ്രചരിപ്പിക്കുന്നു.
എന്‍എസ്എസും എസ്എന്‍ഡിപിയും ചെയ്ത സേവനങ്ങള്‍ പാര്‍ട്ടി അംഗീകരിക്കുമ്പോള്‍ മുസ്‌ലിം-ദലിത് സംഘടനകള്‍ ചെയ്ത സേവനങ്ങളെ അപകടമായാണ് പാര്‍ട്ടി കാണുന്നത്. കാരണം, കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ യഥാര്‍ഥ അവകാശികള്‍ ഇവിടത്തെ പിന്നാക്ക സമുദായസംഘടനകളാണ്. അവരത് ഏറ്റെടുത്തുകഴിഞ്ഞാല്‍ പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ കാര്യമായി ഒന്നുമുണ്ടാവില്ല. അതായത് പിന്നാക്കവിഭാഗങ്ങളുടെ മുന്നേറ്റങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ അവരുടെ നവോത്ഥാന പാരമ്പര്യമാണ്, അതിന്റെ ചരിത്രമാണ് പാര്‍ട്ടി സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കുന്നത്.
ബംഗാളില്‍ ഭരണത്തില്‍ തിരിച്ചെത്തണമെങ്കില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാതെ കഴിയില്ല. പ്ലീനത്തോടനുബന്ധിച്ചു നടന്ന റാലിയില്‍ പ്രസംഗിച്ച നേതാക്കളെല്ലാം കോണ്‍ഗ്രസ്സുമായി സഹകരിക്കണമെന്ന അഭിപ്രായമാണു പ്രകടിപ്പിച്ചത്. എന്നാല്‍, കേരളത്തില്‍നിന്നുള്ള പ്രതിനിധികളുടെ എതിര്‍പ്പ് പരിഗണിച്ചിട്ടാവണം അത്തരമൊരു പ്രഖ്യാപനം പാര്‍ട്ടി നടത്തിയില്ല. കോണ്‍ഗ്രസ്സുമായി ഒരു സഖ്യത്തിനുമില്ലെന്ന വിശാഖപട്ടണം പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ച അടവുനയത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി. പരസ്യമായ ഐക്യപ്പെടല്‍ പ്രഖ്യാപിച്ചില്ലെങ്കിലും കോണ്‍ഗ്രസ്സുമായി ചേര്‍ന്നുതന്നെയാവും പാര്‍ട്ടി ബംഗാളില്‍ ഇലക്ഷനെ നേരിടുക. പിന്നെയുള്ളത് കേരളമാണ്. എന്താണു കേരളത്തിലെ അടവുനയം? മൃദുഹിന്ദുത്വമാണ് കേരളത്തില്‍ പാര്‍ട്ടി അടവുനയമായി സ്വീകരിച്ചിരിക്കുന്നത്. എന്‍എസ്എസിനെ മതനിരപേക്ഷതയുടെ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നതും യോഗാപരിശീലനവും ശ്രീകൃഷ്ണജയന്തി ആഘോഷവും അര്‍ജുനന്റെയും ശ്രീകൃഷ്ണന്റെയും 'പുനരാഗമന'വുമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്.
കേരളത്തില്‍ പാര്‍ട്ടി ശക്തമായ ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഭരണകാലം സോളാറില്‍ അഭിരമിക്കുകയായിരുന്നു പാര്‍ട്ടി. കണ്‍സ്യൂമര്‍ഫെഡ്, സഹകരണ-കാര്‍ഷിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ അഴിമതിയുള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളില്‍ പാര്‍ട്ടി വേണ്ടത്ര ഇടപെട്ടിട്ടില്ല. എന്നാല്‍, ബിജെപി ഭീഷണി ഉയര്‍ത്തിക്കാട്ടി അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. 1978ല്‍ സാല്‍കിയയില്‍ നടന്ന പാര്‍ട്ടി പ്ലീനത്തിനുശേഷം കേരളത്തില്‍ ഇ കെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ഓര്‍മിപ്പിച്ച് കൊല്‍ക്കത്ത പ്ലീനത്തിനു ശേഷം കേരളത്തില്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ഹിന്ദുത്വ ഫാഷിസത്തെ ഒരു സാമൂഹികപ്രശ്‌നമായി കാണാതെ വെറും രാഷ്ട്രീയപ്രശ്‌നമായി കണ്ട് മുതലെടുപ്പു നടത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. $
Next Story

RELATED STORIES

Share it