കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് മരണം 24 ആയി

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ
അപകടത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി.
72 പേര്‍ക്കു പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി വാഹനങ്ങളും യാത്രക്കാരും കുടുങ്ങി. ദേശീയ ദുരന്തനിവാരണസേനയുടെയും കരസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
ബുറ ബസാറിനു സമീപം തിരക്കേറിയ രവീന്ദ്രസരണി ടാഗോര്‍ സ്ട്രീറ്റില്‍ ഗണേഷ് ടാക്കീസിനടുത്ത മേല്‍പ്പാലമാണു നിലംപൊത്തിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. തകര്‍ന്നുവീണ ഭീമന്‍ ഇരുമ്പുതൂണുകള്‍ക്കും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കും അടിയിലകപ്പെട്ടവര്‍ സഹായത്തിനുവേണ്ടി നിലവിളിക്കുന്ന കാഴ്ചകളാണ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ കണ്ടത്. കൂറ്റന്‍ ക്രെയിനുകളും രക്ഷാപ്രവര്‍ത്തനത്തിനുള്ള മറ്റു വാഹനങ്ങളും ഉപയോഗിച്ചാണ് പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നത്. വൈദ്യസംഘവും എന്‍ജിനീയര്‍മാരും ഉള്‍പ്പെടെ കരസേനയുടെ നാല് കമ്പനികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം വീതവും ഗുരുതര പരിക്കേറ്റവര്‍ക്ക് മൂന്നുലക്ഷം വീതവും നിസ്സാര പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം വീതവും ധനസഹായം നല്‍കുമെന്ന് പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി വസുദേവ് ബാനര്‍ജി അറിയിച്ചു. പരിക്കേറ്റവരുടെ ചികില്‍സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2.2 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ 250 മീറ്ററാണു തകര്‍ന്നത്. 2008ല്‍ അംഗീകാരം നല്‍കിയ പദ്ധതിയുടെ പ്രവൃത്തികള്‍ 2009ലാണു തുടങ്ങിയത്. ഹൈദരാബാദ് ആസ്ഥാനമായ ഐപിആര്‍സിഎല്‍ എന്ന കമ്പനിക്കായിരുന്നു കരാര്‍.
ഇടതുപക്ഷ ഭരണകാലത്ത് കരാര്‍ ഏറ്റെടുത്ത കമ്പനി പലതവണ നിര്‍ദേശിച്ചിട്ടും നിര്‍മാണത്തിന്റെ വിശദവിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
കമ്പനി ഉദ്യോഗസ്ഥര്‍ക്കും അപകടത്തിന് ഉത്തരവാദികളായ മറ്റുള്ളവര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. യുഎസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് തുടങ്ങിയ നേതാക്കള്‍ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it