Kollam Local

കൊല്ലവും ഇടതിനൊപ്പം

അയ്യൂബ് സിറാജ്

കൊല്ലം: കൊല്ലത്തിന്റെ മണ്ണ് ഇനി ഇടത് കോട്ട. കൊല്ലം ജില്ല എല്‍ഡിഎഫ് തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസ് ദയനീയ പരാജയത്തിന്റെ ചൂടറിഞ്ഞു. കേരളത്തില്‍ ആഞ്ഞുവീശിയ ഇടതുതരംഗം കൊല്ലത്ത് എല്‍ഡിഎഫിന് മേല്‍ക്കൈ നേടാന്‍ കാരണമായി. ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളില്‍ എല്ലാം ഇടതിനെ തുണച്ചപ്പോള്‍ കരുനാഗപ്പള്ളിയില്‍ മാത്രമാണ് പേരിനൊരു മല്‍സരത്തിന്റെ പ്രതീതിയുണര്‍ന്നത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫ് കോട്ടയിലേക്ക് വന്ന കോവൂര്‍കുഞ്ഞു മോനും ഗണേഷ്‌കുമാറും കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷമുയര്‍ത്തി. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് ഗുരുദാസന്‍ കഴിഞ്ഞ തവണ വിജയിച്ചതും ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നതുമായ കൊല്ലം മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി ഭൂരിപക്ഷവുമായി സിനിമാനടന്‍ മുകേഷ് പ്രതീക്ഷക്ക് കരുത്തേകി. ചടയമംഗലത്ത് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ സിറ്റിങ് എംഎല്‍എ മുല്ലക്കര രത്‌നാകരനോട് തോറ്റു. താരപോരാട്ടത്തിലൂടെ ശ്രദ്ധേയമായ പത്തനാപുരത്ത് കെ ബി ഗണേഷ്‌കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഗദീഷിനെ 24562 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഗണേഷ് 74429 വോട്ടും ജഗദീഷ് 49867വോട്ടും ബിജെപി സ്ഥാനാര്‍ഥിയായ ഭീമന്‍ രഘു 11700 വോട്ടുമാണ് നേടിയത്. കൊല്ലം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായ നടന്‍ മുകേഷ് കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കുണ്ടറയില്‍ കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സിപിഎമ്മിലെ മേഴ്‌സിക്കുട്ടിയമ്മയോട് തോറ്റു. ഏറെ കോണ്‍ഗ്രസ് പ്രതീക്ഷ ഉണര്‍ത്തിയ കുണ്ടറ മണ്ഡലത്തില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. കൊട്ടാരക്കരയില്‍ സിപിഎമ്മിലെ ഐഷ പോറ്റി 42632 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ സവിന്‍ സത്യനെ പരാജയപ്പെടുത്തിയത്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് കൊട്ടാരക്കരയിലേത്. സിപിഐയിലെ ജിഎസ് ജയലാല്‍ 34407 വോട്ടുകള്‍ക്ക് ജയിച്ച ചാത്തന്നൂരില്‍ ബിജെപിയിലെ ബി ഗോപകുമാര്‍ 33199 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തത്തെി. കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ 30139 വോട്ടുകളുമായി മൂന്നാം സഥാനത്താണ്.
തെക്കന്‍ കേരളത്തില്‍ മുസ്‌ലിം ലീഗ് മല്‍സരിച്ച ഏക മണ്ഡലമായ പുനലൂരില്‍ സിറ്റിങ് എംഎല്‍എയായ സിപിഐയിലെ കെ രാജു ലീഗ് ജില്ലാ പ്രസിഡന്റ് യൂനുസ് കുഞ്ഞിനെ പരാജയപ്പെടുത്തി. സിപിഐ നേതാവ് സി ദിവാകരന്റെ മണ്ഡലമായിരുന്ന കരുനാഗപ്പള്ളി ഇത്തവണയും സിപിഐ നിലനിര്‍ത്തി. ആര്‍ രാമചന്ദ്രന്‍ 1759 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. യൂത്ത് കോണ്‍ഗ്രസിലെ നേതാവ് സി ആര്‍ മഹേഷ് അവസാന നിമിഷം വരെ ശക്തമായ മല്‍സരമാണ് കാഴ്ചവെച്ചത്. യുഡിഎഫ് മന്ത്രിസഭയിലെ പ്രമുഖനായ ഷിബു ബേബിജോണ്‍ ചവറയിലും, ആര്‍എസ്പി സംസഥാന സെക്രട്ടറി എ എ അസീസ് ഇരവിപുരത്തും പരാജയം ഏറ്റുവാങ്ങി. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിലെ വിജയന്‍ പിള്ളയാണ് ചവറയില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ ഷിബു ബേബി ജോണിനെ തോല്‍പിച്ചത്. സിപിഎമ്മിലെ എം നൗഷാദ് ഇരവിപുരത്ത് എഎ അസീസിനെ പരാജയപ്പെടുത്തി. ആര്‍എസ്പി വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂരില്‍ ആര്‍എസ്പി സ്ഥാനാര്‍ഥി ഉല്ലാസ് കോവൂരിനെ പരാജയപ്പെടുത്തി.
Next Story

RELATED STORIES

Share it