malappuram local

കൊല്ലപ്പെട്ട വിനോദ്കുമാറിന്റെ ഭാര്യ ജ്യോതിയെ ഇന്ന് അറസ്റ്റ് ചെയ്യും

വളാഞ്ചേരി: വെണ്ടല്ലൂരില്‍ വെട്ടേറ്റുമരിച്ച വിനോദ്കുമാറിന്റെ വധവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാംപ്രതി ജ്യോതി(56)യെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് വളാഞ്ചേരി സി.ഐ. കെ ജി സുരേഷ് അറിയിച്ചു. കഴുത്തിനു പരിക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ജ്യോതി സുഖം പ്രാപിച്ചു വരികയാണ്. ഇന്നുച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി വൈകീട്ടുതന്നെ വെണ്ടല്ലൂരിലെ കൊല നടന്ന വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നേയ്ക്കും. ജ്യോതി ഉപയോഗിച്ചിരുന്ന കാര്‍ വളാഞ്ചേരി സി.ഐ. ഓഫിസ് പരിസരത്തെത്തിച്ചിട്ടുണ്ട്. അതേസമയം, കേസിലെ ഒന്നാംപ്രതി കൊച്ചി എളമക്കര മാമംഗലം ക്രോസ് റോഡ് നമ്പ്രത്ത് മുഹമ്മദ് യൂസഫ് എന്ന സജീദി(51)നെ ഇന്നലെ എറണാകുളം എളമക്കരയിലെ പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

പ്രതിയുടെ വീട്ടില്‍നിന്ന് 4.25 ലക്ഷം രൂപ പോലിസ് കണ്ടെടുത്തു. മൂന്നു ദിവസത്തേയ്ക്കാണ് പ്രതിയെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകം നടന്ന വെണ്ടല്ലൂരിലെ വാടക വീട് ഇപ്പോഴും പോലിസ് കാവലിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വിനോദ്കുമാര്‍ വെണ്ടല്ലൂരിലെ വാടക വീട്ടില്‍ വെട്ടേറ്റുമരിച്ചത്. അതേസമയം, അഞ്ചുവര്‍ഷത്തോളമായി മരിച്ച വിനോദ്കുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊട്ടാരം ആലിന്‍ ചുവട്ടിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചക വാതക ഏജന്‍സി അടച്ചുപൂട്ടി. ഇതോടെ വളാഞ്ചേരി മേഖലയിലെ അമ്പതോളം ഗ്രാമങ്ങളില്‍ പാചക വാതക വിതരണം പ്രതിസന്ധിയിലായി. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടറുകള്‍ ഇന്നലെ ചേളാരിയിലെ ഐ.ഒ.സി. പ്ലാന്റിലേയ്ക്കു മാറ്റി. മുപ്പതിനായിരം പാചക വാതക കണക്്ഷനുകളാണ് ഏജന്‍സിക്കു കീഴിലുള്ളത്. ഉപഭോക്താക്കളെ തൊട്ടടുത്ത ഏജന്‍സിയിലേയ്ക്കു മാറ്റുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം ഫലവത്താവുമെന്ന് പറയാനാവില്ല. ഏജന്‍സി അടച്ചുപൂട്ടിയതോടെ നാല്‍പ്പതോളം തൊഴിലാളികളുടെ സ്ഥിതിയും ദയനീയമായി.
Next Story

RELATED STORIES

Share it