കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണാനുള്ള ക്ഷണം തള്ളി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ലാത്തേറില്‍ ഗോസംരക്ഷണ സമിതി പ്രവര്‍ത്തകരുള്‍പ്പെടെയുള്ള അക്രമികള്‍ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി രഘുബാര്‍ ദാസിനെ തലസ്ഥാനമായ റാഞ്ചിയില്‍ ചെന്നു കാണാനുള്ള ക്ഷണം നിരസിച്ചു. മുഖ്യമന്ത്രിക്ക് തങ്ങളുടെ വേദന മനസ്സിലാവുമെങ്കില്‍ ഇങ്ങോ ട്ടു വന്നു കാണുമായിരുന്നുവെ ന്നും ബന്ധുക്കള്‍ വ്യക്തമാക്കി. മാര്‍ച്ച് 19ന് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതിനു ശേഷം കൊലചെയ്യപ്പെട്ട മജ്‌ലൂം അന്‍സാരിയുടെയും (35) ഇനായത്തുല്ല ഖാന്റെയും കുടുംബങ്ങളെ രഘുബാര്‍ ദാസ് റാഞ്ചിയിലേക്കു ക്ഷണിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ബിജെപി സര്‍ക്കാര്‍ ഒരുലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുക വളരെ തുച്ഛമാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ചു  ഞങ്ങളുടെ തീരുമാനം വളരെ വ്യക്തമാണ്. ഒന്നാമതായി  മരിച്ചതിന്റെ അടുത്ത 40 ദിവസം വിശ്വാസപ്രകാരം ഞങ്ങള്‍ക്കു വീട്ടില്‍ നിന്നു മാറിനില്‍ക്കാനാവില്ല. അതിനേക്കാള്‍ പ്രധാനപ്പെട്ട ചോദ്യം മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ഇവിടെ വന്നുകൂടാ എന്നതാണ്. അദ്ദേഹത്തിനു ഞങ്ങളുടെ വേദന മനസ്സിലാവുമെങ്കില്‍ ഇവിടംവരെ വരുമായിരുന്നുവെന്നും മജ്‌ലൂമിന്റെ സഹോദരന്‍ മുനവ്വര്‍ അന്‍സാരി പറഞ്ഞു.വെള്ളിയാഴ്ച ഉച്ചനമസ്‌കാരത്തിനു ശേഷം ജെഡിയു എംപി മൗലാനാ ഗുലാം റസൂല്‍ ബല്യവി, പ്രാദേശിക മതനേതാക്കള്‍ എന്നിവരുമായി ചേര്‍ന്നു കൂടിയാലോചിച്ച ശേഷമാണു മുഖ്യമന്ത്രിയെ കാണാന്‍ പോവുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍വേണ്ടി മാത്രമാണു താന്‍ വന്നതെന്നു ഗുലാം റസൂല്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയെ കാണേണ്ടതില്ലെന്ന തീരുമാനം തെറ്റല്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെ ന്നും ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നും മേഖലയില്‍ സജീവമായ മത-സാമൂഹിക സ്ഥാപനമായ മര്‍കസെ ദാറുശ്ശരീഫ് നേതാവുകൂടിയായ ജെഡിയു നേതാവ് പറഞ്ഞു.വിഷയവുമായി ബന്ധപ്പെട്ട തീരുമാനം അറിയാന്‍ തങ്ങള്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അടുത്ത് ചെന്നെന്നും എന്നാല്‍ ഉച്ചകഴിഞ്ഞു വരാന്‍ പറഞ്ഞെന്നും പിന്നീട് ചെന്നപ്പോള്‍ വീട്ടിലോ അവരുടെ  കടകളിലോ പുരുഷന്‍മാരെ ആരെയും കണ്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരുലക്ഷം രൂപയുടെ ചെക്കുകള്‍ റാഞ്ചിയിലേക്കു തിരിച്ചയച്ചതായും സബ്ഡിവിഷനല്‍ ഓഫിസര്‍ കമലേശ്വര്‍ നാരായണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it