കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: കെപിസിസി ്

തിരുവനന്തപുരം: ശുഹൈബ്, മധു, സഫീര്‍, സുഗുതന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാടഞ്ചേരിയില്‍ തേനംകുഴിയില്‍ സിബിയുടെ ഗര്‍ഭിണിയായ ഭാര്യ ജ്യോല്‍സനയുടെ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ശക്തമായി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇടതുമുന്നണി മന്ത്രിസഭാ യോഗം ക്വാറം തികയാതെ പിരിയേണ്ടി വന്ന സാഹചര്യം തികച്ചും അസാധാരണമാണ്. മന്ത്രി സഭയ്ക്കുള്ള കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഇടതുമുന്നണി വിപുലീകരണത്തിന്റെ കുറുക്ക് വഴികളെപ്പറ്റിയാണ് സിപിഎം തൃശൂര്‍ സമ്മേളനം ചര്‍ച്ച ചെയ്തത്. സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്തിന്റെ ഭരണം, വികസനം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രതിസന്ധിയിലാണ്. മൂലധന നിക്ഷേപത്തിനും, വികസന പദ്ധതികളുടെ നടത്തിപ്പിനും ബജറ്റ് മുന്നോട്ട് വയ്ക്കുന്നത് പരാജയപ്പെട്ട കിഫ്ബി പദ്ധതിയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും വരുമാനം വര്‍ധിപ്പിക്കാനും ധൂര്‍ത്ത് അവസാനിപ്പിക്കാനും ആവശ്യമായ നടപടികള്‍ ഒന്നുംതന്നെ ബജറ്റില്‍ പറഞ്ഞിട്ടില്ല.
മുഖ്യന്ത്രിയുടെ അയല്‍ക്കാരനായ ശുഹൈബിന്റെ വീട് സന്ദര്‍ശിക്കാത്ത അദ്ദേഹത്തിന്റെ നടപടി ഒരു ഏകാധിപതിയുടെ ക്രൂരമായ മനസ്സിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. കൊലപാതകങ്ങളില്‍ കുറ്റക്കാരെന്ന് നീതിപീഠം കണ്ടെത്തി ശിക്ഷിക്കുന്നവരെ പരസ്യമായി പിന്തുണയ്ക്കാനും സ്ഥാനങ്ങള്‍ നല്‍കി രാഷ്ട്രീയ സംരക്ഷണം നല്‍കാനും തയ്യാറാവുന്നു എന്നത് സിപിഎം അസഹിഷ്ണുതയിലും, അരാജകതത്വത്തിലും, കൊലപാതകങ്ങളിലും, ഫാഷിസത്തിലും അഭിരമിച്ച് ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണെന്ന്  ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it