കൊല്ലപ്പെട്ടത് ആദിവാസി ക്ഷേമപദ്ധതികള്‍

കൊല്ലപ്പെട്ടത് ആദിവാസി ക്ഷേമപദ്ധതികള്‍
X
കെ വി  ഷാജി  സമത
കോഴിക്കോട്: അഗളിയില്‍ ആ ള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ ജീവിതം സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ അകംപൊള്ളയിലേക്കു വിരല്‍ചൂണ്ടുന്നു. ഓരോ ആദിവാസിയെയും ലക്ഷപ്രഭുക്കളാക്കാന്‍ പോന്ന വമ്പന്‍ പദ്ധതികള്‍ക്കൊടുവിലാണ് വിശപ്പകറ്റാന്‍ മോഷ്ടിച്ചവനെന്നു പറഞ്ഞ് മധുവിനെ കൊന്നത്. നിലവിലുള്ള പദ്ധതികള്‍ നേരെ ചൊവ്വേ നടത്തിയാല്‍ മധുവിന് ഉള്‍ക്കാട്ടില്‍ ജീവിക്കേണ്ടിവരുമായിരുന്നില്ല. മധുവി നെ സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഒരു പദ്ധതിക്കും സാധിച്ചില്ല.


സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച ദശകോടികളുടെ പദ്ധതികളാണ് ആദിവാസിമേഖലകളില്‍ കൊണ്ടാടിയത്. വീട്, ഭക്ഷണം, മരുന്ന്, ചികില്‍സ, സര്‍ഗാത്മക പ്രചോദനം തുടങ്ങി ഒരു സമൂഹത്തെ അപ്പാടെ വ്യവസ്ഥാപിതമായി ഉദ്ധരിച്ചുയര്‍ത്താനുള്ള പദ്ധതികള്‍ നിരവധി. മധുവിന്റെ കൊല പദ്ധതിനടത്തിപ്പുകളുടെ അസംബന്ധ നാടകത്തിന്റെ  ഉപാധ്യായംകൂടിയാണ്.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി അട്ടപ്പാടിയില്‍ നടത്തിയ വികസനപദ്ധതികളുടെ കൃത്യമായ കണക്കെടുപ്പും വിശകലനവും നാളിതുവരെ നടന്നിട്ടില്ല. ആദിവാസി ഭൂമി കൈയേറിയ ഒരുവിഭാഗം അട്ടപ്പാടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിവിധ സംഘടനകളിലൂടെ സമാന്തര അധികാരകേന്ദ്രങ്ങളാണിന്ന്.  ആദിവാസി വികസന ഫണ്ടുകള്‍ മുഴുവനും ഇടനിലസംഘങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി. ആദിവാസി ഫണ്ട് ഉപയോഗിച്ച് അട്ടപ്പാടിയിലെ തോട്ടങ്ങളുള്‍പ്പെടെയുള്ള സ്വകാര്യ ഭൂമികളിലേക്ക് റോഡും വൈദ്യുതിയും എത്തി. അപ്പോഴും കാട്ടുതീവെളിച്ചത്തില്‍ മധു ഉള്‍പ്പെടുന്ന സമൂഹം ജീവിക്കുകയാണ്.
മൂന്നാറിലേതുപോലെ ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകള്‍ക്കായി ശ്രമിക്കുന്ന മറ്റൊരു വിഭാഗവും അട്ടപ്പാടിയില്‍ സജീവമാണ്. ഇത്തരം ഇടനിലസംഘങ്ങളുടെ സദാചാരശീലങ്ങള്‍ക്ക് അടിമപ്പെട്ട് ആദിവാസി ജീവിക്കണം.
അടുത്തകാലത്ത് പോഷകാഹാരക്കുറവുമൂലം 180 കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ആദിവാസി കുടുംബങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി പദ്ധതികള്‍ കടലാസില്‍ ഉണര്‍ന്നിരിക്കുമ്പോഴാണ് ഈ ദാരുണമരണങ്ങള്‍. ഇത്രയും കുട്ടികള്‍ മരിച്ചു എന്നത് സര്‍ക്കാരിന് വിഷയമേ ആയില്ല. പോഷകാഹാരക്കുറവുമൂലം കുട്ടികള്‍ മരിച്ചിട്ടും ഇക്കാര്യം നേരത്തേ കണ്ടെത്തി നടപടി സ്വീകരിക്കേണ്ട ഒരു ഉദ്യോഗസ്ഥനെ പ്പോലും ശിക്ഷിക്കാന്‍ ഭരണസംവിധാനങ്ങള്‍ക്കു കഴിഞ്ഞില്ല. മറിച്ച് ഇവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനം വര്‍ധന നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഓരോ ദുരന്തങ്ങള്‍ക്കൊടുവിലും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടും. പദ്ധതികളെല്ലാം ഇടനിലസംഘങ്ങള്‍ വീതംവയ്ക്കും. 180 കുട്ടികള്‍ മരിച്ചാല്‍ 180 കിടക്കകളുള്ള ആശുപത്രി പ്രഖ്യാപനം വരും.  മധു നാളെ ഒരുപക്ഷേ, അഗളിയില്‍ ഒരു പദ്ധതിയായി പുനര്‍ജനിക്കും. അതു പങ്കിട്ടെടുക്കാന്‍ ഇടനിലസംഘങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു.
Next Story

RELATED STORIES

Share it