കൊല്ലത്ത് യുഡിഎഫില്‍ പൊട്ടിത്തെറി

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: സീറ്റ് നിര്‍ണയം തുടങ്ങുന്നതിനു മുമ്പെ കൊല്ലത്ത് യുഡിഎഫില്‍ പൊട്ടിത്തെറി. ഇരവിപുരം നിയമസഭാ സീറ്റിനെ ചൊല്ലി മുസ്‌ലിംലീഗും ആര്‍എസ്പിയും തമ്മിലാണു പോര് രൂക്ഷമായത്. പരസ്പര ആരോപണപ്രത്യാരോപണങ്ങളുമായി ഇരു പാര്‍ട്ടികളുടെയും സംസ്ഥാന-ജില്ലാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന ഘട്ടമെത്തിയതോടെ ഇരവിപുരം സീറ്റ് ആര്‍എസ്പിക്കു വിട്ടുനല്‍കാന്‍ ലീഗ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് ഇന്നലെ അന്ത്യശാസനം നല്‍കി.
യുഡിഎഫില്‍ മുസ്‌ലിംലീഗാണ് വര്‍ഷങ്ങളായി ഇരവിപുരത്തു മല്‍സരിക്കുന്നത്. എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ ആര്‍എസ്പിക്കായിരുന്നു സീറ്റ്. കഴിഞ്ഞ മൂന്ന് തവണയും നിലവിലെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസാണ് ഇവിടെ വിജയിക്കുന്നത്. ആര്‍എസ്പി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തിയതോടെയാണ് പ്രശ്‌നം സങ്കീര്‍ണമായത്. ഇരുപാര്‍ട്ടികളും സിറ്റിങ് സീറ്റ് എന്ന നിലയിലാണ് ഇരവിപുരത്തെ കാണുന്നത്. 1991ല്‍ പി കെ കെ ബാവ വിജയിച്ചതൊഴിച്ചാല്‍ ഇവിടെ മല്‍സരിച്ച ലീഗ് സ്ഥാനാര്‍ഥികളെല്ലാം പരാജയപ്പെട്ടിരുന്നു. ആര്‍എസ്പിയായിരുന്നു 1991ല്‍ ഒഴികെ ഇവിടെ വിജയിച്ചത്.
ഒരു കാരണവശാലും ഇരവിപുരം സീറ്റ് വിട്ടുനല്‍കാനാവില്ലെന്നു കാട്ടി ലീഗ് ജില്ലാ പ്രസിഡന്റ് എ യൂനുസ് കുഞ്ഞാണ് ആദ്യം രംഗത്തുവന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഇവിടെ നിന്നു വിജയിച്ചുവരുന്ന തങ്ങള്‍ക്കാണ് ഇരവിപുരം സീറ്റെന്നും പ്രഖ്യാപിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയും നിലവില്‍ ഇരവിപുരം എംഎല്‍എയുമായ എ എ അസീസും രംഗത്തെത്തിയതോടെ പ്രശ്‌നം സങ്കീര്‍ണമായി.
ഇതിനിടെ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരുടെ വികാരം വെളിപ്പെടുമെന്ന മുന്നറിയിപ്പുമായി ലീഗ് ജില്ലാനേതൃത്വം മുന്നറിയിപ്പു നല്‍കി. എന്നാല്‍, മണ്ഡലത്തില്‍ മരുന്നിനു പോലും ലീഗ് പ്രവര്‍ത്തകരില്ലെന്നും ഇതു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായതാണെന്നും അതിനാല്‍ കാലുവാരുമെന്ന ഭീഷണി വേണ്ടെന്നും അസീസ് തിരിച്ചടിച്ചു.
ഇതോടെയാണ് ലീഗ് സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇന്നലെ ലീഗ് ജില്ലാ കമ്മിറ്റി ചേര്‍ന്ന് ഇരവിപുരം സീറ്റ് ഒഴിയാന്‍ അനൗദ്യോഗിക തീരുമാനമെടുത്തു. പകരം കരുനാഗപ്പള്ളിയോ ചടയമംഗലമോ ഏറ്റെടുക്കാനാണ് തീരുമാനം. കരുനാഗപ്പള്ളിയാണ് കിട്ടുന്നതെങ്കില്‍ ജില്ലാ പ്രസിഡന്റ് എ യൂനുസ് കുഞ്ഞും ചടയമംഗലമാണ് ലഭിക്കുന്നതെങ്കില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം അന്‍സറുദ്ദീനേയും മല്‍സരിപ്പിക്കാനാണു ധാരണ. ഇതോടൊപ്പം ഇരുസീറ്റിലും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. സുല്‍ഫിക്കര്‍ സലാമിന്റെ പേരും പരിഗണനയിലുണ്ട്. നിലവില്‍ കരുനാഗപ്പള്ളി ജെഎസ്എസിന്റെയും ചടയമംഗലം കോണ്‍ഗ്രസ്സിന്റെയും സീറ്റുകളാണ്.
Next Story

RELATED STORIES

Share it