Districts

കൊല്ലത്ത് നേട്ടമുണ്ടാക്കാതെ ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ട്

അയ്യൂബ് സിറാജ്

കൊല്ലം: കൊല്ലത്ത് തുടക്കം മുതല്‍ പാളിയ എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ട് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലനമുണ്ടാക്കിയില്ല. ബിജെപിക്കെതിരേ എസ്എന്‍ഡിപി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച മൂന്ന് ഡിവിഷനുകള്‍ പാര്‍ട്ടിയുടെ നില കൂടുതല്‍ പരിതാപകരമാക്കി. ബിജെപിക്ക് നേട്ടം കൊയ്യാമായിരുന്ന സ്ഥലങ്ങളാണ് എസ്എന്‍ഡിപിയുടെ സാന്നിധ്യം തിരിച്ചടിയായത്. സഖ്യം തകര്‍ന്ന സ്ഥലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നിടത്ത് ഒഴികെ മനസ്സാക്ഷി വോട്ടിന് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എസ്എന്‍ഡിപിയുടെ വോട്ടുകള്‍ മിക്ക സ്ഥലങ്ങളിലും എല്‍ഡിഎഫിന് അനുകൂലമായെന്നാണ് വിലയിരുത്തല്‍. അതേസമയം, കൊല്ലം കോര്‍പറേഷനില്‍ ബിജെപി ജയിച്ച തിരുമുല്ലാവാരവും തേവള്ളിയും എസ്എന്‍ഡിപി സഖ്യമില്ലാത്ത ഡിവിഷനുകളാണ്. ബിജെപി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ശക്തി കേന്ദ്രങ്ങളിലാണ് വിജയം കണ്ടത്. ഈ രണ്ട് ഡിവിഷനുകളിലും ബിജെപിയുടെ ഒറ്റയാള്‍ പ്രകടനമാണ് ജയത്തിന് കാരണമായതെന്നും നേതാക്കള്‍ പറയുന്നു. കോര്‍പറേഷനില്‍ കോളജ് ഡിവിഷന്‍, ഇരവിപുരം, പുന്തലത്താഴം എന്നീ ഡിവിഷനുകളിലാണ് ബിജെപിയും എസ്എന്‍ഡിപിയും വെവ്വേറെ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചത്. ഇവിടെ മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. പുനലൂര്‍ മുനിസിപ്പാലിറ്റികളില്‍ ബിജെപി-എസ്എന്‍ഡിപി സഖ്യം മല്‍സരിച്ച മണിയാര്‍, അഷ്ടമംഗലം എന്നീ രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
Next Story

RELATED STORIES

Share it