Kollam Local

കൊല്ലത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി



കൊല്ലം: റെയല്‍വേ യാര്‍ഡിലേക്ക് മാറ്റുന്നതിനിടെ ഗുഡ്‌സ് ട്രെയ്ന്‍ പാളം തെറ്റി. മെറ്റല്‍ കൊണ്ടു പോകുന്ന റെയില്‍വേയുടെ മെറ്റീരിയല്‍ സ്‌പെഷ്യല്‍ ബാസ്‌ക്കല്‍ ട്രെയിനാണ് പാളം തെറ്റിയത്. ഇന്നലെ പുലര്‍ച്ചെ 4.30ന്‌കൊല്ലം റെയില്‍വെ സ്‌റ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് സമീപത്തായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് പുലര്‍ച്ചെയുള്ള ട്രെയിനുകളില്‍ പലതും മണിക്കൂറുകള്‍ വൈകി. പെരിനാട് പാളത്തില്‍ മെറ്റല്‍ വിതറുന്ന ജോലികള്‍ കഴിഞ്ഞ് ഗുഡ്‌സ് ട്രെയിന്‍ യാര്‍ഡിലേക്ക് പുറപ്പടവെ ട്രാക്കുകള്‍ മാറുന്ന പോയന്റില്‍വച്ച് പാളം തെറ്റുകയായിരുന്നു. പതിനാല് ബോഗികളുള്ള ട്രെയിന്റെ എന്‍ജിനില്‍ നിന്നുള്ള ആദ്യ ബോഗിയാണ് പാളം തെറ്റിയത്. സാവധാനത്തില്‍ നീങ്ങുകയായിരുന്നതിനാല്‍ മറ്റ് ബോഗികള്‍ പാളംതെറ്റിയില്ല. സാധാരണ ട്രെയിന് ഒരു ബോഗിയില്‍ എട്ട് വീലുകളാണുള്ളതെങ്കില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്ന മെറ്റീരിയല്‍ ട്രെയിന് നാല് വീലുകള്‍ മാത്രമാണുള്ളത്. പാളം തെറ്റിയത് പാസഞ്ചര്‍ ട്രെയിനുകളും ഗുഡ്‌സ് ട്രെയിനുകളും പോകുന്ന ഭാഗത്താണെങ്കിലും സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പരിശോധനകള്‍ നടന്നതിനാല്‍ കൊല്ലത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും, കായംകുളം ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്, ജനശതാബ്ദി എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ബിലാസ്പൂര്‍ എക്‌സ്പ്രസ് എന്നിവ വൈകി. പാളം തെറ്റിയ ട്രെയിനിന്റെ ബോഗികള്‍ രാവിലെ എട്ടോടെ മാറ്റി.
Next Story

RELATED STORIES

Share it