palakkad local

കൊല്ലത്തേക്കുള്ള യാത്രാമധ്യേ മഅ്ദനി പാലക്കാട്ടെത്തി

പാലക്കാട്: ജാമ്യം ലഭിച്ച ശേഷം ബംഗളൂരുവില്‍ നിന്നു ജന്മനാടായ കരുനാഗപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ജുമുഅ നമസ്‌കാരത്തിനായി പാലക്കാട്ടിറങ്ങി. റോഡ് മാര്‍ഗം കോയമ്പത്തൂരില്‍ നിന്ന് വാളയാര്‍ വഴിയാണ് മഅ്ദനി നാട്ടിലേക്ക് തിരിച്ചത്. വാളയാറില്‍ എത്തുമ്പോഴേക്കും 12.30 കഴിഞ്ഞിരുന്നു. വെള്ളിയാഴ്ചയായതിനാല്‍ ജുമുഅ നമസ്‌കാരത്തിനായി കഞ്ചിക്കോടിന് സമീപം ചടയന്‍കാല ജുമാമസ്ജദ് പരിസരത്ത് വാഹനം നിര്‍ത്തിയെങ്കിലും നമസ്‌കാരത്തിനായി ഇറങ്ങുന്നത് പോലിസ് തടഞ്ഞു.
കോടതി ഉത്തരവില്‍ അത്തരം കാര്യം പരാമര്‍ശിക്കുന്നില്ലെന്നും യാത്രയില്‍ പാലക്കാട് ഇറങ്ങുന്നതിനെ കുറിച്ച് നിര്‍ദേശമൊന്നുമില്ലെന്ന് പറഞ്ഞായിരുന്നു തടസ്സം നിന്നത്. ഇത് പ്രതിഷേധത്തിനിടയാക്കി. നേതാക്കള്‍ പോലിസുമായി ചര്‍ച്ച നടത്തുകയും സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി ഇടപെടുകയും ചെയ്ത ശേഷം നമസ്‌കാരത്തിനായി സൗകര്യം ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് 1.45ഓടെ നമസ്‌കാം കഴിഞ്ഞിറങ്ങിയ മഅ്ദനി ചടയന്‍കാല മഖാം സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. വാളയാറില്‍ നിന്ന് പിഡിപി ജില്ലാ നേതാക്കളും പ്രവര്‍ത്തകരും വാഹനങ്ങളുടെ അകമ്പടിയോടെയാണ് പാലക്കാട്ടേക്ക് വന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തന്റെ മേല്‍ എന്തെങ്കിലും ഇനി ചെയ്യാനാകുമെന്ന് പ്രതീക്ഷയില്ലെന്നും കോടതിയിലാണ് വിശ്വാസമെന്നും ജുമുഅ നിസ്‌കാരത്തിന് ശേഷം മദനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജാമ്യം മെയ് മൂന്നിന് കിട്ടിയെങ്കിലും യാതൊരു കാരണവുമില്ലാതെ രണ്ടുദിവസം നാട്ടിലെത്താന്‍ കഴിയാതെ നഷ്ടപ്പെടുകയായിരുന്നു.
ഇതില്‍ ആരോടും പരാതിയും പരിഭവവും ഇല്ല. ചെങ്ങന്നൂര്‍ തിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും മദനി കൂട്ടിചേര്‍ത്തു. ഭാര്യ സൂഫിയ മദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി, മൈലക്കാട് ഷാ എന്നിവര്‍ മദനിക്കൊപ്പമുണ്ടായിരുന്നു.
പിഡിപി വൈസ് ചെയര്‍മാന്‍ തോമസ് മാഞ്ഞൂരാന്‍, അഡ്വ.അക്ബറലി, ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ തൃത്താല, സെക്രട്ടറി ശാഹുല്‍ഹമീദ്, ബഷീര്‍ പട്ടാമ്പി, എം സിയാവുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ മഅ്ദനിയെ സ്വീകരിച്ചു.
Next Story

RELATED STORIES

Share it