Kollam Local

കൊല്ലത്തിന്റെ മനോഹാരിതയില്‍ മയങ്ങി യോഗ അംബാഡര്‍മാര്‍

കൊല്ലം: വിനോദസഞ്ചാരം ഉള്‍പ്പടെ നിരവധി മേഖലകളില്‍ പേരുകേട്ട കേരളത്തിന് യോഗയുടെ സാധ്യതകളും പ്രയോജനപ്പെടുത്താനാകുമെന്ന് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ യോഗ വിദഗ്ധര്‍. അസോസിയേഷന്‍ ഓഫ് ടൂറിസം ഓര്‍ഗനൈസേഷന്‍സ് ഇന്‍ ഇന്ത്യ (അറ്റോയ്) സംഘടിപ്പിക്കുന്ന യോഗ അംബാസഡേഴ്‌സ് ടൂറിന്റെ ഭാഗമായാണ് സംഘം കൊല്ലത്തെത്തിയത്.  22 രാജ്യങ്ങളിലെ 60ലേറെ യോഗ വിദഗ്ധരടങ്ങിയ സംഘത്തെ ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്ത് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍  കെ രാജ് കുമാര്‍, ഡിടിപിസി സെക്രട്ടറി സി സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.ആയൂര്‍വേദത്തിനൊപ്പം യോഗയുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന് സാധിക്കുമെന്ന് സംഘാംഗങ്ങള്‍ വിലയിരുത്തി. ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്ത് ഇവര്‍ യോഗ പ്രദര്‍ശനം നടത്തി. കൊല്ലം നഗരത്തിലെ കാഴ്ചകളും നഗരത്തിരക്കിനു നടുവില്‍ സ്വച്ഛത നിറഞ്ഞ ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരവും ഏറെ ഹൃദ്യമാണെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ആശ്രാമം പൈതൃകസ്ഥാനമാക്കി ഉയര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്ന് അമേരിക്കയില്‍നിന്നെത്തിയ ജോണ്‍ കെംഫ് പറഞ്ഞു.ഹരിതാഭമായ അന്തരീക്ഷത്തില്‍ യോഗ ചെയ്താല്‍ പോസീറ്റീവ് ഊര്‍ജ്ജം നിറയുമെന്ന് ഇംഗ്ലണ്ടില്‍ നിന്നെത്തിയ പലറ്റാ സിക്യു പറഞ്ഞു.  സിംഗപ്പൂരില്‍നിന്നുള്ള ഗുവോ  ഷിയാവോ ജോനും ഫിന്‍ലാന്‍ഡുകാരി കരിറ്റാ ആള്‍ട്ടോനനും നിക്കരാഗ്വയില്‍ നിന്നുള്ള സിമേന ഗുട്ടിറെസും കൊല്ലം കാഴ്ചകളുടെ ആഹ്ലാദം മറച്ചുവച്ചില്ല. കൊല്ലത്തുനിന്നും സംഘം അമൃതപുരിയിലും സന്ദര്‍ശനം നടത്തിയശേഷം കുമരകത്തേക്കുപോയി. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന യോഗ അംബാസിഡര്‍ ടൂര്‍ രാജ്യാന്തര യോഗാ ദിനമായ 21 ന് കൊച്ചിയില്‍ സമാപിക്കും.
Next Story

RELATED STORIES

Share it