palakkad local

കൊല്ലങ്കോട് അമൃത എക്‌സ്പ്രസ്സിന് സ്റ്റോപ്പ്്: എംപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ആലത്തൂര്‍: പാലക്കാട്-പൊള്ളാച്ചി റെയില്‍ പാത സാധാരണക്കാര്‍ക്ക് ഉപയോഗപ്പെടുന്നതിനും, പാത വികസനത്തിനുമായി അമൃത എക്‌സ്പ്രസ്സിന് കൊല്ലങ്കോട് ജംഗ്ഷനില്‍ സ്റ്റോപ്പനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആലത്തൂര്‍ എംപി പി കെ ബിജു മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായാണ് നടപടി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംപി വിഷയം അവതരിപ്പിക്കുകയും, മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തായും എം പി പുറത്തിറത്തിയ വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നു.നേരത്തെ ഈ ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരിന് എംപി കത്ത് നല്‍കിയിരുന്നു.തിരുവനന്തപുരം, പാലക്കാട്ഡിവിഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അമൃത എക്‌സ്പ്രസ്സിന്റെ സര്‍വ്വീസ്സ് കഴിഞ്ഞ നവംബര്‍ ഒന്നുമുതലാണ് പാലക്കാടു നിന്നും മധുര വരെ സര്‍വ്വീസ് നീട്ടിയത്. എന്നാല്‍ പാലക്കാട്-പൊളളാച്ചിറൂട്ടിലെ ഏറ്റവും പ്രധാന സ്റ്റേഷനായ കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേയുടെ നടപടി യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. പാലക്കാട് നിന്നും പൊളളാച്ചിയിലേക്ക് അമ്പത്തി മൂന്ന് കിലോമീറ്റര്‍ ദൂരമാണുളളത്. ഇത്രയും ദൂരത്തിനിടക്ക്  പുതുനഗരം, വടകനികപുരം, കൊല്ലങ്കോട് ജംഗ്ഷന്‍, മുതലമട എന്നീ റെയില്‍വേ സ്റ്റേഷനുകളും നിലവിലുണ്ട്. എന്നാല്‍ ഈ  സ്റ്റേഷനുകളില്ലെന്നും അധികൃതര്‍ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. പാലക്കാട് നിന്നും സര്‍വ്വീസ് ആരംഭിച്ചാല്‍ പൊളളാച്ചിയില്‍ മാത്രമാണ് സ്റ്റോപ്പുളളത്. യാത്രക്കാരുടെ സൗകര്യവും, പൊതുമേഖലയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സേവനവും പരിഗണിക്കാതെ റെയില്‍വേ നടപ്പാക്കുന്ന പ്രസ്തുത നടപടി ഭാവിയില്‍ വരുന്ന വരുമാനക്കുറവ്മൂലം സര്‍വ്വീസ് നിര്‍ത്തിവെക്കുന്നതിനുവരെ കാരണമാകാവുന്നതാണ്. പാലക്കാട്-പൊളളാച്ചി റൂട്ടിന്റെ വികസനത്തിനായി ഇത്രയും ഭീമമായ തുക ചെലവഴിച്ചിട്ടും, പ്രസ്തുത റൂട്ടിനെ പൂര്‍ണ്ണമായും തഴയുന്ന സമീപനമാണ് റെയില്‍വേ അധികൃതര്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നും എം പി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.കേരളത്തിലെ റെയില്‍വേയുടെ നിര്‍മാണ ചുമതലകള്‍ നിര്‍വഹിക്കുന്ന ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫിസര്‍ തസ്തിക കേന്ദ്രസര്‍ക്കാര്‍ ഇടക്കിടെ പിന്‍വലിക്കുകയും, പുനസ്ഥാപിക്കുകയും ചെയ്യുന്ന നടപടിയും എംപി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. റെയില്‍വേ വികസനത്തിനാവശ്യമായ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി വിശദമായ നിവേദനവും എം പി മുഖ്യമന്ത്രിക്ക് കൈമാറി.
Next Story

RELATED STORIES

Share it