കൊല്ലം സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ല

തിരുവനന്തപുരം: കൊല്ലം ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ലയായി ഇന്നു പ്രഖ്യാപിക്കും. എല്ലാ ഭക്ഷ്യോല്‍പാദക, വിതരണ, സംഭരണ മേഖലകളിലും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പൂര്‍ത്തീകരിച്ചതോടെയാണ് കൊല്ലം ജില്ല ഈ ബഹുമതിക്ക് അര്‍ഹമായത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകീട്ട് ആറിന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. എം നൗഷാദ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണ് കൊല്ലം ജില്ലയിലുള്ളതെങ്കിലും അവര്‍ മുഴുവനും വിവരശേഖരണത്തിനായി യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നിട്ടിറങ്ങിയാണ് ഈ സംരംഭം വിജയിപ്പിച്ചത്. 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം രാജ്യത്ത് നിലവില്‍ വന്നതോടുകൂടി അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട്് പ്രത്യേകമായ ഒരു ഭക്ഷ്യസുരക്ഷാവിഭാഗം രൂപീകരിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഭക്ഷ്യമേഖലയിലെ ഉല്‍പാദക, വിതരണ, വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളും സംരംഭകരും ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ കരസ്ഥമാക്കണം.  എന്നാല്‍, ഇതു കരസ്ഥമാക്കുന്നതിനുള്ള സമയം ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ് അതോറിറ്റി പലതവണ നീട്ടിനല്‍കിയിരുന്നെങ്കിലും ലൈസന്‍സ് കരസ്ഥമാക്കാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് എത്രയും പെട്ടെന്ന് ഇവയുടെ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താണ് ലൈസന്‍സ് പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ ചെയ്തത്.
ജില്ലാ കലക്ടറുടെയും ജില്ലാ വികസനസമിതികളുടെയും സഹായത്തോടെയാണ് കൊല്ലം ജില്ലയിലെ നടപടികള്‍ ആദ്യം പൂര്‍ത്തിയാക്കിയത്. ജൂണോടെ എല്ലാ ജില്ലകളിലും ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളാണു നടന്നുവരുന്നത്. അതോടുകൂടി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറും.
Next Story

RELATED STORIES

Share it