Kollam Local

കൊല്ലം നഗരത്തില്‍ മോഷണം: പ്രതി അറസ്റ്റില്‍



കൊല്ലം: കൊല്ലം നഗരത്തില്‍ രാത്രികാലങ്ങളില്‍ വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന ഒരാളെ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ സതീശ് ബിനോയുടെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കൊല്ലം തേവള്ളി ഓലയില്‍ പൗണ്ട് പുരയിടം വീട്ടില്‍ വാടകയ്ക്ക് താസിക്കുന്ന കോട്ടയം വടവാതൂര്‍ ഓട്ടക്കുഴി വീട്ടില്‍ മാത്തുട്ടി ജോസഫാണ് പിടിയിലായത്. ആശ്രാമം മൈതാനത്തിനും പരിസരപ്രദേശങ്ങളിലും സന്ധ്യസമയത്ത് ബൈക്കില്‍ കറങ്ങി പൂട്ടികിടക്കുന്ന വീടുകള്‍ കണ്ടെത്തി രാത്രി ആറിനും എട്ടിനും ഇടയില്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഒറ്റയ്ക്കുള്ള മോഷണമായതിനാലും സന്ധ്യ സമയത്ത് നടക്കുന്നതിനാലും കാഴ്ചയില്‍ മാന്യനെന്ന് തോന്നിയിരുന്ന ഇയാളെ ആര്‍ക്കും ഒരു സംശയവും തോന്നുകയില്ല. മോഷണം കഴിഞ്ഞ് രാത്രി 9.30 ന് മുമ്പ് തന്നെ വീട്ടിലെത്തുന്ന ഇയാള്‍ ബാക്കി സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഉപയോഗിക്കുന്നത്.ഇയാള്‍ 2010ല്‍ കോട്ടയം മണക്കാട് പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ മോഷണം നടത്തിയതിനെ തുടര്‍ന്ന് പിടിയിലാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലത്തേക്ക് താമസം മാറ്റിയത്. മോഷണം ചെയ്തു കിട്ടിയ തുക ലോട്ടറി എടുക്കുന്നതിനും ആഡംബരജീവിതത്തിനും വേണ്ടിയാണ് ഇയാള്‍ ചെലവാക്കിയത്. കടപ്പാടയ്ക്ക് സമീപം റിട്ട. എസ്പി കൃഷ്ണഭദ്രന്റെ വീട്ടില്‍ മോഷണത്തിനെത്തിയ ഇയാളുടെ ചിത്രം സിസിടിവി കാമറയില്‍ പതിയുകയും തുടര്‍ന്ന് ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. മോഷണത്തിനുപയോഗിച്ച കമ്പിപാരയും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കൊല്ലം എസിപി ജോര്‍ജ് കോശി, സിഐ എസ് മഞ്ചുലാല്‍, എസ്‌ഐമാരായ എസ് ജയകൃഷ്ണന്‍, ഷാഡോ എസ്‌ഐ വിപിന്‍കുമാര്‍, അഡീഷനല്‍ എസ്‌ഐ പ്രകാശ്, അസി.എസ് ഐ മജീദ്, ജോസ്പ്രകാശ്, സിപിഒ ഹരിലാല്‍, സിറ്റി ഷാഡോ ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it