Kollam Local

കൊല്ലം-തേനി ദേശീയ പാതയില്‍ അപകടങ്ങള്‍ പെരുകുന്നു

ശാസ്താംകോട്ട: ജില്ലയിലൂടെ കടന്നു പോകുന്ന കൊല്ലം-തേനി ദേശീയപാതയില്‍ (എന്‍എച്ച്.183എ) ഹൈവേ പോലിസിന്റെ സേവനം വേണമെന്ന ആവശ്യം ശക്തമാകുന്നു. അപകടങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ദേശീയ പാതയുടെ 15 കിലോമീറ്റര്‍ ഭാഗമാണ് കുന്നത്തൂര്‍ താലൂക്കിലൂടെ കടന്ന് പോകുന്നത്. കടപുഴ മുതല്‍ ജില്ലാ അതിര്‍ത്തിയായ ആനയടി വയ്യാങ്കര വരെയുള്ള ദൂരമാണിത്. നിലവില്‍ രണ്ട് പോലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് താലൂക്കിലെ ദേശീയപാത ഉള്‍പ്പെടുന്നത്. ശാസ്താംകോട്ട, ശൂരനാട് സ്‌റ്റേഷനുകളുടെ അധികാര പരിധിയിലാണ് ഇവ ഉള്ളത്. നിലവില്‍ ഹൈവേ പെട്രോളിങ്ങിന് മാത്രമായി ഈ സ്‌റ്റേഷനുകളില്‍ വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഹൈവേ ആയി ഉയര്‍ത്തിയതോടെ റോഡിലെ വേഗ നിയന്ത്രണ സംവിധാനങ്ങള്‍ നീക്കം ചെയ്തിരുന്നു. നിലവിലെ റോഡിന്റെ വീതി കൂട്ടുകയോ റോഡിന്റെ അലൈന്‍മെന്റ് നേരയാക്കുകയോ ചെയ്യാതെ ടാറിങ് മാത്രം ഹൈവേ നിലവാരത്തിലേക്ക് ഉയര്‍ത്തുക മാത്രമാണ് ചെയ്തിരിയ്ക്കുന്നത്. അതിനാല്‍ തന്നെ വാഹനങ്ങള്‍ അമിത വേഗതയിലാണ് ഇതു വഴി സഞ്ചരിക്കുന്നത്. ഇത് നിരന്തരം അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. കടപുഴ ഭരണിക്കാവ് റോഡില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അഞ്ചോളം പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. വേഗ നിയന്ത്രണത്തിന്റെ അഭാവമാണ് അപകടങ്ങളുടെ പ്രധാന കാരണം. ചക്കുവള്ളി -ആനയടി റോഡില്‍ സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണ്. വൈകുന്നേരങ്ങളില്‍ ഇരുചക്ര വാഹന യാത്രികരായ സ്ത്രീകളുടെ നേര്‍ക്ക് പൂവാലശല്യം ഉണ്ടാകുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്‍എച്ച് 47ലെ ഗതാഗത കുരുക്കില്‍ നിന്നൊഴിവാക്കാനായി ആലപ്പുഴ , തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് കടന്ന് പോകുന്നത്. വാഹന പരിശോധനാ സംവിധാനങ്ങളും അപര്യാപ്തമാണ്.
Next Story

RELATED STORIES

Share it