കൊല്ലം തൂത്തുവാരുമെന്ന് എല്‍ഡിഎഫ്; നില മെച്ചപ്പെടുത്തുമെന്ന് യുഡിഎഫ്

അയ്യൂബ് സിറാജ്

കൊല്ലം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയവും താരപ്പോരാട്ടവുംകൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ജില്ലയാണ് കൊല്ലം. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ 11ല്‍ ഒമ്പത് സീറ്റുമായി മുന്നിട്ടുനിന്ന എല്‍ഡിഎഫ് ഇക്കുറിയും ആത്മവിശ്വാസത്തിലാണ്.
കൊല്ലത്ത് ഇത്തവണ 74.67 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍ പോള്‍ ചെയ്തു. വോട്ടെടുപ്പിനുശേഷം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി-ബിഡിജെഎസ് സംഖ്യത്തിന്റെ വോട്ടുകള്‍ സിപിഎം മറിച്ചെന്ന് ഡിസിസി അധ്യക്ഷന്‍ കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. യുഡിഎഫ് മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയുമായി ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലും രംഗത്തെത്തി. ചാത്തന്നൂര്‍, കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ എന്‍ഡിഎ സഹായം യുഡിഎഫിനുണ്ടായെന്ന ആരോപണവുമുണ്ട്.
ആര്‍എസ്പിയുടെ നിലനില്‍പ്പ്തന്നെ ചോദ്യം ചെയ്യുന്ന ഇരവിപുരം, കുന്നത്തൂര്‍ മണ്ഡലങ്ങള്‍ ഇക്കുറിയും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. അവസാന ദിവസങ്ങളില്‍ എ കെ ആന്റണി അടക്കമുള്ള നേതാക്കള്‍ മണ്ഡലത്തില്‍ നടത്തിയ പ്രചാരണമാണ് യുഡിഎഫ് ഗ്രാഫ് അല്‍പമെങ്കിലും ഉയര്‍ത്തിയത്.
കൊല്ലത്ത് മുകേഷിന് വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുണ്ടറ, കരുനാഗപ്പള്ളി, ചവറ, ഇരവിപുരം മണ്ഡലങ്ങളിലാണ് യുഡിഎഫ് ശക്തമായ അവകാശവാദം ഉന്നയിക്കുന്നത്. അതേസമയം കരുനാഗപ്പള്ളിയുടെ കാര്യത്തില്‍ മാത്രമാണ് ഇടത് ക്യാംപില്‍ ആശങ്കയുള്ളത്. കുണ്ടറയിലെ നായര്‍ വോട്ടുകളും തീപ്പൊരി നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിധ്യവുമാണ് യുഡിഎഫിനു പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. എന്നാല്‍, ജില്ലയില്‍ കൂടുതല്‍ കശുവണ്ടി തൊഴിലാളികളുള്ള മണ്ഡലത്തിലെ സര്‍ക്കാര്‍ വിരുദ്ധ നിലപാടും എന്‍ഡിഎ സ്ഥാനാര്‍ഥി ശ്യാംകുമാറിന് വോട്ട് മറിഞ്ഞതും എത്രത്തോളം എല്‍ഡിഎഫിന് ഗുണമായെന്ന് കണ്ടറിയേണ്ടതുണ്ട്. ചവറയില്‍ മല്‍സരം കടുക്കുമെങ്കിലും കണക്കുകൂട്ടലുകള്‍ ഇടതിന് സാധ്യത കല്‍പ്പിക്കുന്നതാണ്. കൊട്ടാരക്കരയിലും ചടയമംഗലത്തും പുനലൂരും പത്തനാപുരത്തുമടക്കം ഇക്കുറി ഭൂരിപക്ഷം കൂടുമെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍. എന്‍ഡിഎയുടെ വോട്ടുകള്‍ സ്വാധീനിച്ച ഒരു മണ്ഡലം ചാത്തന്നൂര്‍ മാത്രമാണ്. ഇക്കുറി എല്‍ഡിഎഫിന്റെ ഭൂരിപക്ഷം ജില്ലയില്‍ കുറയുന്ന മണ്ഡലങ്ങളിലൊന്നായിരിക്കും ചാത്തന്നൂര്‍. എസ്എന്‍ഡിപി ആധിപത്യമുള്ള കൊല്ലത്ത് ഒരു മണ്ഡലത്തിലും കാര്യമായ സംഭാവന നല്‍കാനോ തരംഗമാവാനോ ബിഡിജെഎസ്-ബിജെപി സഖ്യത്തിനായിട്ടില്ല.
എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ കടന്നുവരവ് മുന്നണികള്‍ക്ക് തലവേദനയായിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് എട്ട് മണ്ഡലങ്ങളിലാണ് എസ്ഡിപിഐ മല്‍സരിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി എ കെ സലാഹുദ്ദീന്‍, ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ തുടങ്ങിയ നേതാക്കളുടെ പ്രകടനം മുന്നണികളുടെ വോട്ടുനിലയെ ബാധിക്കും.
Next Story

RELATED STORIES

Share it